സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: സുധീർ മിശ്ര ജൂറി ചെയർമാൻ

പ്രിയനന്ദനും അഴകപ്പനും പ്രാഥമിക ജൂറി അധ്യക്ഷന്മാർ

Update: 2024-07-10 15:22 GMT
Advertising

തിരുവനന്തപുരം: 2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയമിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവും ഹിന്ദി സംവിധായകനുമായ സുധീർ മിശ്രയാണ് ജൂറി ചെയർമാൻ. സംവിധായകന്‍ പ്രിയനന്ദനൻ, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പൻ എന്നിവരെ പ്രാഥമിക ജൂറി അധ്യക്ഷന്മാരായും നിയമിച്ച് സർക്കാർ ഉത്തരവായി. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ് മാധവൻ, നടിയും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ആൻ അഗസ്റ്റിൻ, സംഗീത സംവിധായകൻ ശ്രീവൽസൻ ജെ. മേനോൻ എന്നിവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളായിരിക്കും. ഛായാഗ്രാഹകൻ പ്രതാപ് പി നായർ, എഡിറ്റർ വിജയ് ശങ്കർ, തിരക്കഥാകൃത്തുക്കളായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, എഴുത്തുകാരി മാളവിക ബിന്നി, ശബ്ദലേഖകൻ സി.ആർ ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ.

ചലച്ചിത്രനിരൂപകയും എഴുത്തുകാരിയുമായ ഡോ.ജാനകി ശ്രീധരൻ ആണ് രചനാവിഭാഗം ജൂറി ചെയർപേഴ്സൺ. ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ.ജോസ് കെ. മാനുവൽ, എഴുത്തുകാരനും അധ്യാപകനുമായ ഡോ. ഒ.കെ സന്തോഷ്, അക്കാദമി സെക്രട്ടറി സി.അജോയ് (ജൂറി മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിർണയ സമിതികളിൽ മെമ്പർ സെക്രട്ടറിയായിരിക്കും. 160 സിനിമകളാണ് അവാർഡിന് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ജൂലൈ 13ന് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News