'ലോകായുക്തയുടെ പല്ല് അല്ല നായയുടെ പല്ലാണ് പറിക്കേണ്ടത്': തെരുവ്നായ ശല്യം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം
സംസ്ഥാനത്ത് ഈ വർഷം പേവിഷ ബാധയേറ്റ് 20 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു
തിരുവനന്തപുരം: തെരുവ് നായ ശല്യം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. വാക്സിന്റെ ഗുണനിലവാരത്തിൽ ആശങ്കയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. ഗുണനിലവാരമില്ലാത്ത വാക്സിൻ വിതരണം ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എന്നാൽ ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ ആരോഗ്യവകുപ്പ് നിയോഗിക്കണമെന്ന് വീണാ ജോർജിനെ തിരുത്തി മുഖ്യമന്ത്രി നിർദേശിച്ചു.
അതേസമയം സംസ്ഥാനത്ത് ഈ വർഷം പേവിഷ ബാധയേറ്റ് 20 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഇതിൽ 15 പേർ വാക്സിനെടുത്തിട്ടില്ലെന്നും മന്ത്രി സഭയെ അറിയിച്ചു. തെരുവ് നായ ശല്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിൽ സംസാരിക്കുകയിരുന്നു മന്ത്രി. പി കെ ബഷീറാണ് നോട്ടീസ് നൽകിയത്.
തെരുവുനായ്ക്കളുടെ വന്ധ്യംകരണം നിലച്ചെന്ന് പികെ ബഷീർ കുറ്റപ്പെടുത്തി. സർക്കാർ വിഷയം ഗൗരവമായി കാണുന്നില്ല, കുട്ടികളടക്കം സാധാരണക്കാരുടെ പ്രശ്നം കണ്ടില്ലെന്ന് നടിക്കരുത്.തെരുവുനായ് പ്രശ്നത്തിലെന്താ കോടതി ഇടപെടാത്തത്? ലോകായുക്തയുടെ അല്ല പട്ടിയുടെ പല്ലാണ് സർക്കാർ പറിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായ് കടിച്ചുള്ള മരണം ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നാണ് വാക്സീനെ കുറിച്ച് പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.