ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം; ഭക്ഷ്യസുരക്ഷ വകുപ്പ് അന്വേഷണം തുടങ്ങി

കൂൾബാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

Update: 2022-05-02 01:12 GMT
Editor : Lissy P | By : Web Desk
Advertising

കാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. ഭക്ഷ്യസുരക്ഷ വകുപ്പും അന്വേഷണം തുടങ്ങി. കരിവള്ളൂർ പെരളം സ്വദേശിനി 16 വയസ്സുകാരി ദേവനന്ദ മരിച്ച സംഭവത്തിൽ ചെറുവത്തൂർ ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ഐഡിയൽ കൂൾ ബാറിനെതിരെ ചന്തേര പൊലീസ് കേസെടുത്തു. രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാനേജിംഗ് പാട്‌നർ മംഗളുരു സ്വദേശി മുള്ളോളി അനെക്‌സ്ഗർ (58), ഷവർമാ മേക്കർ നേപ്പാൾ സ്വദേശി സന്ദേഷ് (29) എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ ദേവനന്ദയെ ഞായറാഴ്ച ഉച്ചയോടെയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു മണിയോടെ മരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഭക്ഷ്യവിഷബാധയേറ്റ് അവശ നിലയിലായ 30 പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും 2 പേർ ചെറുവത്തൂർ ആരോഗ്യ കേന്ദ്രത്തിലും ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ച ഐഡിയൽ കൂൾ ബാർ അടച്ചുപൂട്ടി. സ്ഥാപനത്തിന് നേരെ കല്ലേറുണ്ടായി.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News