കോവിഡ് വ്യാപനം കുറയും മുന്‍പേ പരീക്ഷ: വിദ്യാര്‍ഥികള്‍ക്ക് ആശങ്ക
ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും വാക്സിന്‍ ലഭിച്ചിട്ടില്ല. പരീക്ഷ റദ്ദ് ചെയ്യുകയോ ഓണ്‍ലൈനായി നടത്തുകയോ ചെയ്യണമെന്നതാണ് വിദ്യാര്‍ഥികളുടെ ആവശ്യം
കോവിഡ് രണ്ടാം വ്യാപനം കുറയുന്നതിനു മുമ്പേ സര്‍വകലാശാലകള്‍ പരീക്ഷ ആരംഭിക്കുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍. കോളജുകളിലെത്തി പരീക്ഷയെഴുതുന്നത് കോവിഡ് ബാധിക്കാന്‍ ഇടയാക്കുമെന്നതാണ് വിദ്യാര്‍ഥികളുടെ ആശങ്ക. ലോക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പല സ്ഥലങ്ങളിലും നിലനില്‍ക്കുന്നതിനാല്‍ കോളജുകളില്‍ എത്തിപ്പെടാനുള്ള പ്രശ്നങ്ങളും വിദ്യാഥികള്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് കണക്കിലെടുത്ത് മാറ്റി വെച്ച ഡിഗ്രി, പിജി കോഴ്സുകളിലെ അവസാന സെമസ്റ്റര്‍ പരീക്ഷകളാണ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നത്. കോവിഡ് വ്യാപനം തുടരുമ്പോഴും നേരിട്ട് പരീക്ഷ നടത്താനുള്ള സര്‍വകലാശാലകളുടെ തീരുമാനം വിദ്യാര്‍ഥികളിലും അധ്യാപകരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രോഗവ്യാപനത്തിനുള്ള സാധ്യതയാണ് പ്രധാന വെല്ലുവിളി. ഒപ്പം ലോക്ഡൌണ്‍ നിയന്ത്രണങ്ങളും. ടിപിആര്‍ കൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൌണാണ് നിലവിലുള്ളത്. ഇതിനു പുറമേ മതിയായ യാത്രാ സൌകര്യവുമില്ല. ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും വാക്സിന്‍ ലഭിച്ചിട്ടില്ല. ഇതെല്ലാം പരിഗണിച്ച് പരീക്ഷ റദ്ദ് ചെയ്യുകയോ ഓണ്‍ലൈനായി നടത്തുകയോ ചെയ്യണമെന്നതാണ് വിദ്യാര്‍ഥികളുടെ ആവശ്യം. സര്‍വകലാശാലകള്‍ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്യാമ്പയിനും ആരംഭിച്ചു.
മറ്റു പല സംസ്ഥാനങ്ങളിലെയും സര്‍വകലാശാലകള്‍ പരീക്ഷ ഓണ്‍ലൈനായി നടത്തിയതും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. പലയിടത്തും ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.