റാബിസ് വാക്സിനുകളുടെ ഫലപ്രാപ്തി; കേരളാ പ്രവാസി അസോസിയേഷന്‍റെ ഹരജിയിൽ സുപ്രീം കോടതി റിപ്പോർട്ട് തേടി

സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറിയുടെ മാർഗനിർദേശ പ്രകാരമുള്ള, അനുമതികളില്ലാതെ വാക്‌സിനുകൾ വാങ്ങിച്ചിരുന്നുവെന്ന വാർത്തകളും ഇതിനിടെ പുറത്തുവന്നിരുന്നു

Update: 2024-01-15 01:59 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

കോഴിക്കോട്: റാബിസ് കുത്തിവെയ്പ് എടുത്തിട്ടും നായ്ക്കളുടെ കടിയേറ്റ ആളുകൾ പേവിഷബാധ കാരണം മരണത്തിന് കീഴടങ്ങിയെന്ന വാർത്തകൾ പുറത്തു വന്ന സാഹചര്യത്തിൽ പേവിഷബാധയ്ക്കെതിരായ കുത്തിവെപ്പിന്‍റെയും ചികിത്സയുടേയും ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്ക അറിയിച്ചു കേരളാ പ്രവാസി അസോസിയേഷൻ സമർപ്പിച്ച ഹരജിയിന്‍മേല്‍ റിപ്പോർട്ട് തേടി സുപ്രിംകോടതി. വിഷയത്തിൽ എത്രയും വേ​ഗം മറുപടി നൽകാൻ കേന്ദ്ര സർക്കാരിനോടും കേരള സർക്കാരിനോടും ജഡ്ജിമാരായ സി.ടി രവികുമാർ, രാജേഷ് ബിൻ‍ഡൽ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. 4 ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് കോടതിയുടെ നിർദേശം.

പേവിഷബാധയ്ക്കെതിരായ കുത്തിവെയ്പ് യഥാസമയം നൽകിയിട്ടും ആളുകൾ മരിക്കുന്ന സ്ഥിയുണ്ടെന്നും ഇക്കാര്യത്തിൽ വിദ​ഗ്ധരുടെ സ്വതന്ത്രസമിതിയെ നിയോ​ഗിക്കാൻ ഉത്തരവിടണമെന്നുമാണ് ഹരജിക്കാർക്കു വേണ്ടി അഭിഭാഷകരായ മാത്യൂ കുഴൽനാടൻ, കുര്യാക്കോസ് വർ​ഗീസ് എന്നിവർ വാദിച്ചത്. സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറിയുടെ മാർഗനിർദേശ പ്രകാരമുള്ള, അനുമതികളില്ലാതെ വാക്‌സിനുകൾ വാങ്ങിച്ചിരുന്നുവെന്ന വാർത്തകളും ഇതിനിടെ പുറത്തുവന്നിരുന്നു. നാഷണൽ സെന്‍റര്‍ഫോര്‍ ഫോർ ഡിസീസ് കൺട്രോളിന്‍റെ മാർഗനിർദ്ദേശപ്രകാരം മനുഷ്യർക്കുള്ള റാബീസ് വാക്സിന്‍റെ നിർമ്മാണം സങ്കീർണ്ണമായ പ്രക്രിയയായതിനാൽ നിർമ്മാണത്തിനും പരിശോധനക്കുമായി കുറഞ്ഞത് മൂന്നോ നാലോ മാസമെങ്കിലും ആവശ്യമാണ്. എന്നാൽ നിർമ്മിച്ച് 14 ദിവസത്തിനുള്ളിൽ കേരളത്തിൽ വാക്‌സിൻ ലഭ്യമാക്കിയ സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.

ഗുണനിലവാര പരിശോധന നടത്താതെ ജനങ്ങളിൽ ഇത്തരം വാക്സിനുകൾ ഉപയോഗിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 എന്നിവയുടെയും, 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക് നിയമത്തിന്‍റെയും ലംഘനമാണെന്നും കേരളാ പ്രവാസി അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയിൽ മനുഷ്യർക്ക് നൽകുന്ന ഇൻട്രാ ഡെർമൽ റാബിസ് വാക്‌സിനുകളുടെയും (IDRV), നായ്ക്കൾക്കു നൽകുന്ന റാബിസ് വെറ്ററിനറി വാക്‌സിനുകളുടെയും ഫലപ്രാപ്തി പഠിക്കാൻ ഒരു സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിക്കുക, 2019 ൽ പുറത്തിറക്കിയ റാബിസ് പ്രതിരോധത്തിനുള്ള ദേശീയ മാർഗ്ഗനിർദ്ദേശങ്ങൾ ഏകീകൃതവും ശാസ്ത്രീയവുമായ രീതിയിൽ നടപ്പിൽ വരുത്തുക, ലോകാരോഗ്യ സംഘടന പുറത്തിറക്കുന്ന മാർഗ നിർദേശങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനുള്ള സംവിധാനങ്ങൾ നടപ്പിൽ വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കേരളാ പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്തും പ്രസിഡണ്ട് അശ്വനി നമ്പാറമ്പത്തും സുപ്രിം കോടതിയിൽ ഹരജി സമർപ്പിച്ചത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News