ആത്മഹത്യയെന്ന് സംശയം, ഒടുവിൽ കൊലപാതകമെന്ന് വെളിപ്പെടുത്തൽ; ഡെൻസിയുടെ മൃതദേഹം പുറത്തെടുക്കും
സാബാ ഷരീഫ് കൊലക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തൽ ശാസ്ത്രീയമായി തെളിയിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം
ചാലക്കുടി: ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ചാലക്കുടി സ്വദേശി ഡെൻസി ആന്റണിയുടെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടത്തിനായി ഇന്ന് പുറത്തെടുക്കും. ഒറ്റമൂലി വൈദ്യന്‍ സാബാ ഷരീഫിനെ കൊലപ്പെടുത്തിയ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെന്‍സിയെ ശ്വാസം മുട്ടിച്ചു കൊന്നുവെന്നായിരുന്നു പ്രതികളുടെ മൊഴി. 2020 മാർച്ചിലാണ് ഡെൻസി മരിച്ചത്.
രണ്ടര വര്‍ഷം മുന്‍പ് ദുബായില്‍ വച്ച് മരിച്ച നോര്‍ത്ത് ചാലക്കുടിയിലെ ഡെന്‍സിയുടെ മൃതദേഹ അവശിഷ്ടമാണ് ഇരിങ്ങാലക്കുട ആര്‍.ഡി.ഒയുടെ മേല്‍ നോട്ടത്തില്‍ പൊലീസ് സർജൻ പരിശോധിക്കുക. സാബാ ഷരീഫ് കൊലക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തൽ ശാസ്ത്രീയമായി തെളിയിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. 38കാരി ഡെന്‍സി ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് വീട്ടുകാർ ഇതുവരെ വിശ്വസിച്ചിരുന്നത്.
ഡെന്‍സിയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ മാനേജരും കോഴിക്കോട് സ്വദേശിയുമായ ഹാരിസിനേയും ഷൈദ്ദീന്‍ അഷറഫിന്റെ നിര്‍ദ്ദേശ പ്രകാരം കൊന്നുവെന്ന് പ്രതികൾ കുറ്റ സമ്മതം നടത്തിയിരുന്നു. ഷൈദ്ദീന്‍ അഷറഫാണ് മൈസൂരിലെ ഒറ്റമൂലി വൈദ്യന്‍ സാബാ ഷരിഫിനെ നാട്ടില്‍ എത്തിച്ച് കൊലപ്പെടുത്തിയത്. റീ പോസ്റ്റ് മോര്‍ട്ടത്തിൽ ഡെൻസിയുടെ മരണക്കാരണത്തെ കുറിച്ച് തെളിവ് ലഭിക്കുമെന്ന് പൊലീസ് കരുതുന്നു. ആവശ്യമെങ്കില്‍ വിദഗ്ധ പരിശോധനക്കായി അവശിഷ്ടങ്ങള്‍ ശേഖരിക്കുകയും ചെയ്യും. 2019 ഡിസംബറിലാണ് ഡെന്‍സി വിസിറ്റിംഗ് വിസയില്‍ ദുബായിൽ പോയത്. 2020 മാര്‍ച്ച് 5നായിരുന്നു മരണം.