സ്വർണക്കടത്ത് കേസ്: സ്വപ്ന സുരേഷ് ജയിൽ മോചിതയായി
ഒരു വര്‍ഷവും മൂന്നു മാസവുമായി അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്ന
സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചതെങ്കിലും നടപടിക്രമങ്ങൾ വൈകിയതു മൂലം മോചനം നീളുകയായിരുന്നു. ഒരു വർഷവും മൂന്നു മാസവും ജയിലില്‍ കഴിഞ്ഞ ശേഷമാണ് കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ ഇവർ പുറത്തിറങ്ങുന്നത്.
ജാമ്യത്തിന് 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവുമാണ് ഉപാധികൾ. പാസ്പോർട്ട് കോടതിയിൽ ഏൽപിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചയും അന്വോഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ താമസം മാറരുത് എന്നിവയാണ് മറ്റു വ്യവസ്ഥകൾ.
2020 ജൂലൈ 11നാണ് കേസിൽ ബംഗളൂരുവില്‍ വച്ച് സ്വപ്‌ന അറസ്റ്റിലായത്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്രബാഗിൽ നിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. കോൺസുലേറ്റിലെ മുൻ പിആർഒ ആയിരുന്ന സരിത്തിനെയാണ് കേസിൽ ആദ്യം അറസ്റ്റു ചെയ്യുന്നത്. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പടെ 50ൽ എറെ പേർ അറസ്റ്റിലായി.
അമ്മ പ്രഭാ സുരേഷിന്‍റെയും അമ്മാവന്റെയും ആൾജാമ്യത്തിലാണ് സ്വപ്ന ജയിൽ മോചിതയാകുന്നത്. ജാമ്യക്കാരുടെ ഭൂമിയുടെ കരമടച്ച രസീതാണ് കോടതിയിൽ ഹാജരാക്കിയത്. സ്വർണക്കടത്ത്, ഡോളർകടത്ത്, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങി ആറു കേസുകളിലാണ് സ്വപ്നയെ റിമാൻഡ് ചെയ്തിരുന്നത്. ഇതിൽ എല്ലാ കേസുകളിലും ജാമ്യമായി.
സ്വർണക്കടത്തിൽ കസ്റ്റംസ്, എൻ.ഐ.എ. ഇ.ഡി. തുടങ്ങിയ കേന്ദ്ര ഏജൻസികളാണ് സ്വപ്‌നയെ പ്രതിചേർത്ത് കേസെടുത്തിരുന്നത്. എൻ.ഐ.എ. യു.എ.പി.എ കുറ്റവും ചുമത്തി. തീവ്രവാദ പ്രവർത്തനങ്ങൾക്കായി സ്വർണക്കടത്ത് നടത്തിയെന്നായിരുന്നു സ്വപ്ന അടക്കമുള്ള പ്രതികൾക്കെതിരെയുള്ള എൻ.ഐ.എയുടെ ആരോപണം. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന സ്വർണക്കടത്ത് തീവ്രവാദ പ്രവർത്തനമായി കണക്കാക്കാമെന്നും എൻ.ഐ.എ. വാദിച്ചിരുന്നു.
എന്നാല്‍ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ എൻ.ഐ.എ ഹാജരാക്കിയ രേഖകൾ വെച്ച് തീവ്രവാദക്കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കളളക്കടത്തും അതുമായി ബന്ധപ്പെട്ട ഗൂഢാലോചനയും നടന്നെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്. സ്വർണക്കളളക്കടത്ത് രാജ്യത്തിൻറെ സ്ഥിരതയെ അട്ടിമറിക്കുന്ന സാമ്പത്തിക തീവ്രവാദമെന്ന എൻ.ഐ.എ വാദം അംഗീകരിക്കാനാവില്ല. വൻതോതിൽ കളളനോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുന്നതാണ് സാമ്പത്തിക തീവ്രവാദത്തിൻറെ പരിധിയിൽ വരുന്നത്. പ്രതികൾ ഏതെങ്കിലും വിധത്തിലുളള തീവ്രവാദപ്രവർത്തനത്തിൽ ഏർപ്പെട്ടതായി കുറ്റപത്രത്തിൽ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സ്വർണക്കടത്തിന്റെ നാൾ വഴി
2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി നടത്തിയ സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടിയത്. യു.എ.ഇ. കോൺസുലേറ്റിന്റെ വിലാസത്തിലെത്തിയ ബാഗേജിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ ഇത് വിശദമായി പരിശോധിക്കുകയായിരുന്നു. പ്രത്യേക അനുമതി വാങ്ങി നടത്തിയ പരിശോധനയിലാണ് ബാഗേജിനുള്ളിൽ സ്വർണം കണ്ടെത്തിയത്. ദിവസങ്ങൾക്കുള്ളിൽ ഈ വിവരം പുറത്തറിയുകയും ചെയ്തു. 4.82 കോടി രൂപ വില വരുന്ന സ്വർണമാണ് കടത്തിയത്.
നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയെന്ന വാർത്ത വലിയ കോളിളക്കമുണ്ടാക്കി. കോൺസുലേറ്റിലെ ജീവനക്കാരനായിരുന്ന സരിത്ത്, സ്വപ്ന സുരേഷ് തുടങ്ങിയവരിലേക്കായി അന്വേഷണം. സംഭവത്തിൽ കേസെടുത്തതോടെ സ്വപ്നയും സന്ദീപും അടക്കമുള്ളവർ ഒളിവിൽ പോയി. ജൂലൈ 11നാണ് സ്വപ്‌ന ബംഗളൂരുവിൽ നിന്ന് അറസ്റ്റിലായത്. സ്വപ്‌നയുടെ രാഷ്ട്രീയ ബന്ധമാണ് വലിയ ഒച്ചപ്പാടുകൾക്ക് വഴി വച്ചത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും സ്വപ്‌നയുമായുള്ള ബന്ധങ്ങൾ ഏറെ ചർച്ചയായി. കേസിൽ ശിവശങ്കർ അറസ്റ്റിലാകുകയും ചെയ്തു. കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനും മുൻ മന്ത്രി കെടി ജലീലും ചോദ്യം ചെയ്യലിന് വിധേയമായി.
എവിടെ ഫൈസൽ ഫരീദ്
കേസ് അന്വേഷണം ഒന്നര വർഷത്തോളമായിട്ടും മുഖ്യപ്രതി ഫൈസൽ ഫരീദിനെ അന്വേഷണ ഏജൻസികൾക്ക് ഇതുവരെ പിടികൂടാനായിട്ടില്ല. ദുബായിൽനിന്ന് സ്വർണം അയച്ചത് ഫൈസൽ ഫരീദാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എൻ.ഐ.എയ്ക്ക് പുറമേ കസ്റ്റംസും ഇ.ഡി.യും രജിസ്റ്റർ ചെയ്ത കേസിലും ഫൈസൽ പ്രതിയാണ്. വിദേശകാര്യ മന്ത്രാലയം ഫൈസലിന്റെ പാസ്പോർട്ട് റദ്ദാക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
തൃശൂർ കയ്പമംഗലം സ്വദേശിയാണ് ഫൈസൽ ഫരീദ്. കേസിൽ ആരോപണ വിധേയനായ വേളയിൽ ഫൈസൽ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട് കുറ്റം നിഷേധിച്ചിരുന്നു എങ്കിലും പിന്നീട് ഒളിവിൽ പോകുകയായിരുന്നു. ജൂലൈ 19ന് ഫൈസലിനെ ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.