ജയിലില്‍ നിന്ന് പുറത്തിറങ്ങി; ഒന്നും മിണ്ടാതെ സ്വപ്ന
അട്ടക്കുളങ്ങര ജയിലിന് മുമ്പിൽ വൻ മാധ്യമപ്പടയാണ് നിലയുറപ്പിച്ചിരുന്നത്
തിരുവനന്തപുരം: മാധ്യമങ്ങളോട് ഒന്നും സംസാരിക്കാതെ സ്വർണക്കടത്ത് കേസിൽ ജയിൽ മോചിതയായ സ്വപ്‌ന സുരേഷ്. സ്വപ്‌ന കഴിഞ്ഞിരുന്ന അട്ടക്കുളങ്ങര ജയിലിന് മുമ്പിൽ വൻ മാധ്യമപ്പടയാണ് നിലയുറപ്പിച്ചിരുന്നത്. ജയിലിൽ നിന്നിറങ്ങിയ ശേഷം അമ്മ പ്രഭാ സുരേഷിനൊപ്പം ഇവർ കാറിൽക്കയറി ബാലരാമത്തെ വീട്ടിലേക്ക് തിരിക്കുകയായിരുന്നു. പലയാളുകൾ ചേർന്ന് തങ്ങളെ കുടുക്കുകയായിരുന്നു എന്ന് നേരത്തെ അമ്മ പ്രഭ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കർശന വ്യവസ്ഥകളോടെയാണ് സ്വപ്‌നയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിന് 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവുമാണ് ഉപാധികൾ. പാസ്്‌പോർട്ട് കോടതിയിൽ ഏൽപിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചയും അന്വോഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ താമസം മാറരുത് എന്നിവയാണ് മറ്റു വ്യവസ്ഥകൾ.
സ്വർണക്കടത്തിൽ കസ്റ്റംസ്, എൻ.ഐ.എ. ഇ.ഡി. തുടങ്ങിയ കേന്ദ്ര ഏജൻസികളാണ് സ്വപ്‌നയെ പ്രതിചേർത്ത് കേസെടുത്തിരുന്നത്. എൻ.ഐ.എ. യു.എ.പി.എ കുറ്റവും ചുമത്തി. തീവ്രവാദ പ്രവർത്തനങ്ങൾക്കായി സ്വർണക്കടത്ത് നടത്തിയെന്നായിരുന്നു സ്വപ്ന അടക്കമുള്ള പ്രതികൾക്കെതിരെയുള്ള എൻ.ഐ.എയുടെ ആരോപണം. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന സ്വർണക്കടത്ത് തീവ്രവാദ പ്രവർത്തനമായി കണക്കാക്കാമെന്നും എൻ.ഐ.എ. വാദിച്ചിരുന്നു. എന്നാൽ കോടതി ആ വാദങ്ങൾ തള്ളുകയായിരുന്നു.