സ്വിഫ്റ്റ് കെ.എസ്.ആർ.ടി.സി യുടെ അന്തകനായി: കെ. സുധാകരൻ

'സി.പി.എം അനുഭാവികളെ ജോലിക്ക് തിരുകിക്കയറ്റാനുള്ള കുറുക്കുവഴിയായാണ് സ്വിഫ്റ്റിനെ സർക്കാർ കാണുന്നത്'

Update: 2023-04-07 16:52 GMT

കെ. സുധാകരൻ 

Advertising

തിരുവനന്തപുരം: സ്വിഫ്റ്റ് കെ.എസ്.ആർ.ടി.സി യുടെ അന്തകനായെന്ന് കെ. സുധാകരൻ. 'സ്വിഫ്റ്റ് കമ്പനിയെ പരിപോഷിച്ച് കെ.എസ്.ആർ.ടി.സി ക്ക് സർക്കാർ ദയാവധം വിധിച്ചു. സി.പി.എം അനുഭാവികളെ ജോലിക്ക് തിരുകിക്കയറ്റാനുള്ള കുറുക്കുവഴിയായാണ് സ്വിഫ്റ്റിനെ സർക്കാർ കാണുന്നത്. കെ.എസ്.ആർ.ടി.സിയെ നശിപ്പിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും'. സുധാകരൻ ആരോപിച്ചു.

അതേസമയം ശമ്പളത്തിനായി പ്രതിഷേധിച്ച കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി പിൻവലിച്ചെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. അഖില എസ്. നായർക്കെതിരായ നടപടിയാണ് പിൻവലിച്ചത്. 41 ദിവസം ശമ്പളം മുടങ്ങിയെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആന്റണി രാജു പറഞ്ഞു.

ശമ്പളത്തിനായി ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചതിന് വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവം സർക്കാർ അറിഞ്ഞില്ലെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച കെ.എസ്.ആർ.ടി.സി വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ്. നായരെയാണ് പാലായിലേക്ക് സ്ഥലംമാറ്റിയത്. ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. അഖിലയുടെ നടപടി സർക്കാരിനെയും കെ.എസ്.ആർ.ടി.സിയെയും അപകീർത്തിപ്പെടുത്തുന്നതായിരുന്നെന്ന് നടപടി ഉത്തരവിൽ മാനേജ്മെന്റ് പറഞ്ഞിരുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News