സിറോ മലബാർ ഭൂമിയിടപാട് കേസ്; കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി
അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആലഞ്ചേരിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല
കൊച്ചി: സിറോ മലബാർ ഭൂമി ഇടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആലഞ്ചേരിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഈ ഘട്ടത്തിൽ അന്വേഷണം സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഹരജിയിൽ സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. കൈമാറ്റം ചെയ്തവയിൽ സര്‍ക്കാരിന്‍റെ പുറമ്പോക്ക് ഭൂമിയുള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം.
സംശയത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ പള്ളിവക സ്വത്തുക്കള്‍ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹരജിയിലുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയലുള്ള കേസുകളിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസില്‍ ആലഞ്ചേരിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ഷം അന്വേഷണം ആരംഭിച്ചിരുന്നു. ഇടപാടുകളിലെ കള്ളപ്പണത്തെക്കുറിച്ചാണ് അന്വേഷണം. കേസിൽ ആലഞ്ചേരി ഉൾപ്പെടെ 24 പ്രതികളാണുള്ളത്.സിറോ മലബാർ സഭ ഭൂമി കച്ചവടത്തിൽ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് ഇഡി കേസെടുത്തത്. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നതായും ഇഡി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.