തണ്ണീർ കൊമ്പന് മൂന്നാഴ്ചക്കിടെ മയക്കുവെടിയേറ്റത് രണ്ട് തവണ
20 വയസ് മാത്രം പ്രായമുള്ള ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരവും ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്
വയനാട്: വയനാട്ടിൽ നിന്ന് പിടികൂടി ബന്ദിപ്പൂരിൽ എത്തിച്ച ശേഷം ചരിഞ്ഞ തണ്ണീർ കൊമ്പൻ മൂന്നാഴ്ചക്കിടെ രണ്ട് തവണയാണ് മയക്കുവെടിക്ക് വിധേയനായത്. 20 വയസ് മാത്രം പ്രായമുള്ള ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരവും ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്.
കർണാടകയിലെ ഹാസനിൽ നിന്ന് കഴിഞ്ഞ മാസം 16 ന് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ ശേഷം റേഡിയോകോളർ ഘടിപ്പിച്ചാണ് തണ്ണീർ കൊമ്പനെ മൂല ഹള്ളയിലെ വനത്തിൽ തുറന്ന് വിട്ടത്. 18 ദിവസത്തിന് ശേഷം ഇന്നലെ വയനാട്ടിലെ മാനന്തവാടിയിൽ ജനവാസ മേഘലയിലെത്തിയ കൊമ്പനെ കേരള വനം വകുപ്പും മയക്കുവെടി വെച്ച് പിടികൂടി ബന്ദി പൂരിലേക്കയച്ചു. മൂന്നാഴ്ചക്കിടെ രണ്ട് തവണ മയക്കുവെടിക്ക് വിധേയനായത് ആനയുടെ മരണത്തിന് കാരണമായോ എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. വനത്തിൽ നിന്ന് ഏറെ ദൂരം മാറി ജനവാസ മേഘലയിലിറങ്ങിയ കാട്ടാന കഴിഞ്ഞ ദിവസം 10 മണിക്കൂറോളം വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിരുന്നില്ല. ഇതും ആനയുടെ ആരോഗ്യ സ്ഥിതി യെ ബാധിച്ചിരിക്കാമെന്നാണ് വിദഗ്ധർ കരുതുന്നത്. അപരിചിതമായ സ്ഥലത്ത് വലിയ ആൾക്കൂട്ടത്തിന് നടുവിൽ മണിക്കൂറുകളോളം കഴിയാനിടയായത് ആനയുടെ മാനസിക നിലയെയും പ്രതികൂലമായി ബാധിച്ചിരിക്കാം .
നേരത്തെ വയനാട്ടിൽ തന്നെ നാട്ടിലിറങ്ങിയ കാട്ടാനകളെ 15 കിലോമീറ്ററോളം അകലെ കാടുകയറ്റിവിട്ട അനുഭവമുണ്ടെന്നാണ് വനംവകുപ്പുദ്യോഗസ്ഥർ പറയുന്നത്. സാധാരണഗതിയിൽ വൈകുന്നേരങ്ങളിൽ മയക്കുവെടി വെക്കുന്ന സാഹചര്യം ഒഴിവാക്കാറാണ് പതിവ് . ശക്തമായ സമ്മർദത്തെ തുടർന്ന് തണ്ണീർ കൊമ്പനെ വൈകിട്ട് തന്നെ മയക്കുവെടി വെക്കേണ്ടിവന്നു. മയക്കുവെടി വെച്ച ശേഷം ആനയുടെ ശരീരം തണുപ്പിക്കാനായി വെള്ളമൊഴിക്കുകയും ആനയെ ശാന്തനാക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ രാത്രി വൈകി ആൾക്കൂട്ടത്തിനിടയിലൂടെ എലഫന്‍റ് ആംബുലൻസിൽ കയറ്റി ബന്ദിപ്പൂരിലെത്തിക്കുന്നതിനിടെ ഇതിനായി വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല. തണ്ണീർ കൊമ്പന്‍റെ മരണം സംബന്ധിച്ച് വിശദമയ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങുകയാണ് കേരള, കർണാടക സംസ്ഥാനങ്ങളിലെ വനം വകുപ്പുകൾ.