വിലങ്ങാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന വീടിനും നികുതി; പഞ്ചായത്ത് നടപടിക്കെതിരെ ഉടമ
വീട് പൂർണമായും തകർന്നതിനാൽ വാടകവീട്ടിലാണ് സോണിയുടെ താമസം.


കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന വീടിനും നികുതി. കെട്ടിട നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട് മഞ്ഞച്ചീളി നിവാസി സോണി എബ്രഹാം പന്തലാടിക്കലിനാണ് വാണിമേൽ പഞ്ചായത്ത് നോട്ടിസ് അയച്ചത്. നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നാണ് സോണിക്ക് നോട്ടീസ് ലഭിച്ചത്. വീട് പൂർണമായും തകർന്നതിനാൽ വാടകവീട്ടിലാണ് സോണിയുടെ താമസം. ഇന്ന് വിലങ്ങാടെത്തിയപ്പോഴാണ് പോസ്റ്റ് ഓഫീസിൽ നിന്ന് നോട്ടീസ് ലഭിക്കുന്നത്.
നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം 360 രൂപ നികുതിയടയ്ക്കണം എന്നാണ് ആവശ്യം. തനിക്ക് വീടില്ലെന്നും വീട് തകർന്നവരിൽ തന്നെയും ഉൾപ്പെടുത്തി പഞ്ചായത്ത് സർക്കാരിന് ലിസ്റ്റ് നൽകിയതാണെന്നും സോണി പറയുന്നു. അങ്ങനെയുള്ള തനിക്ക് എന്തിനാണ് നോട്ടീസ് നൽകുന്നതെന്നും സോണി ചോദിക്കുന്നു.
എന്നാൽ, വീട് നഷ്ടമായെന്നും അതിനാൽ നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അപേക്ഷ നൽകിയ ആർക്കും നോട്ടീസ് അയച്ചിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. സോണി അത് അയച്ചിട്ടുണ്ടാവില്ലെന്നും അതിനാലാണ് നോട്ടീസ് ലഭിച്ചതെന്നുമാണ് പഞ്ചായത്ത് പറയുന്നത്.
സോണിയുടെ വീട് പൂർണമായും തകർന്നോ എന്ന് ഉറപ്പുണ്ടോ എന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യയുടെ മറുപടി. പുനരധിവാസ പട്ടികയിലുള്ള പലർക്കും വീടുണ്ട്, പക്ഷേ അതൊന്നും വാസയോഗ്യമല്ലെന്നും അതിന് നികുതിയൊഴിവാക്കണമെന്ന് അപേക്ഷ നൽകിയവർക്ക് ഒഴിവാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിൽ കുറെ സോണിമാരുണ്ട്. ഇയാളുടെ വീട് പൂർണമായും നഷ്ടമായതാണോയെന്ന് നോക്കിയിട്ട് പറയാമെന്നും പി. സുരയ്യ പറഞ്ഞു.
എന്നാൽ, തന്റെ വീട് നഷ്ടമായോ എന്ന് പത്താം വാർഡ് മെമ്പറോട് ചോദിച്ചാൽ മനസിലാവുമെന്നും അടിത്തറയടക്കം ഒലിച്ചുപോയ വീടെങ്ങനെ വാസയോഗ്യമാവുമെന്നും സോണി ചോദിച്ചു. പൂർണമായും വീട് പോയ 21 പേരുടെ പട്ടികയിൽ തന്റെ പേരുണ്ടെന്നും വീട് നഷ്ടമായാൽ അപേക്ഷ കൊടുക്കണമെന്ന ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും സോണി വ്യക്തമാക്കി.