മുഖ്യമന്ത്രിയുടെ സന്ദേശം സ്‌കൂൾ വിദ്യാർഥികൾക്ക് നേരിട്ടെത്തിക്കണമെന്ന ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ
കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ വീട്ടിൽ നേരിട്ടെത്തി മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറണമെന്ന ഡിപിഒയുടെ ഉത്തരവാണ് വിവാദമാകുന്നത്
പുതിയ അധ്യയന വർഷം തുടങ്ങുന്നതിനോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ സന്ദേശം സ്‌കൂൾ വിദ്യാർഥികൾക്ക് നേരിട്ടെത്തിക്കണമെന്ന ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത്.
കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ വീട്ടിൽ നേരിട്ടെത്തി മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറണമെന്ന ഡിപിഒയുടെ ഉത്തരവാണ് വിവാദമാകുന്നത്. ഓൺലൈനായി മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാത്ഥികളിൽ എത്തിക്കാൻ സംവിധാനം ഒരുക്കണമെന്നും അധ്യാപകർ ആവശ്യപെടുന്നു
ജൂൺ ഒന്നിന് തന്നെ പുതിയ അധ്യയന വർഷം ആരംഭിക്കും. തിരുവന്തപുരം വഴുതക്കാട് കോട്ടൺ ഹിൽസ് സ്‌കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. സ്‌കൂളുകളിൽ വെർച്ചൽ പ്രവേശനോത്സവവും നടക്കും. ഇതിനിടയിലാണ് വിദ്യാർഥികളുടെ വീടുകളിലേക്ക് പ്രിന്റ് ചെയ്ത മുഖ്യമന്ത്രിയുടെ സന്ദേശം എത്തിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. കെ.ബി.പി.എസിൽ അച്ചടിക്കുന്ന മുഖ്യമന്ത്രിയുടെ സന്ദേശം എല്ലാ ഡി.ഇ ഓഫീസുകളിലും എത്തിക്കും. അവിടെ നിന്നും എ.ഇ.ഒ ഓഫീസുകളിലും, പിന്നീട് സ്‌കൂളുകളിലും എത്തിക്കും. അധ്യാപകരും, പി.ടി.എ ഭാരവാഹികളും, സന്നദ്ധ പ്രവർത്തകരും വിദ്യാർഥികളുടെ വീടുകളിൽ അച്ചടിച്ച സന്ദേശം എത്തിക്കണമെന്നാണ് ഉത്തരവ്. പലരിലൂടെ കുട്ടികളുടെ കൈകളിൽ എത്തുന്ന അച്ചടിച്ച സന്ദേശം കോവിഡ് വ്യാപനത്തിന് വഴിവെക്കുമെന്നാണ് വിമർശനം.
ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ കൈകളിൽ പ്രിന്‍റഡ് കോപ്പി എത്തിച്ചത് കൊണ്ട് കാര്യമില്ലെന്നും അധ്യാപകർ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ പ്രസംഗം മിക്ക ചാനലുകളും ലൈവായി നൽകും. പ്രത്യേക സന്ദേശം നൽകാൻ വിക്ടേർസ് ചാനലും, യുട്യൂബ് ഉൾപെട്ടെ ഉള്ള സംവിധാനങ്ങളും പ്രയോജനപെടുത്താം. പ്രിന്‍റഡ് സന്ദേശം വീഡിയോ രൂപത്തിൽ ലഭിച്ചാൽ ചിലവ് കുറച്ച് ആകര്‍ഷകമാക്കാനാവും. വളരെ വേഗത്തിലിത് സാമൂഹ്യ മാധ്യമങ്ങൾ വഴി വിദ്യാർഥികളിലെത്തിക്കാം. എന്നാൽ പ്രിന്റ് ചെയ്ത സന്ദേശം നേരിട്ട് കുട്ടികളുടെ കൈകളിൽ എത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.