മലപ്പുറത്ത് നിപ നിരീക്ഷണത്തിൽ ഉള്ളവരുടെ പരിശോധനാഫലം ഇന്ന് വരും
നിലവിൽ 406 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്
തിരുവനന്തപുരം/മലപ്പുറം: നിപ നിരീക്ഷണത്തിൽ ഉള്ളവരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. പൂനെയിൽനിന്ന് എത്തിച്ച മൊബൈൽ ലാബിന്റെ പ്രവർത്തനവും ഇന്ന് തുടങ്ങും. മലപ്പുറത്ത് കേന്ദ്ര സംഘം ശാസ്ത്രീയ പഠനവും നടത്തും. നിലവിൽ 406 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.
14കാരൻ മരിച്ച പാണ്ടിക്കാട്ടും കുട്ടിയുടെ സ്കൂൾ പ്രവർത്തിക്കുന്ന ആനക്കയം പഞ്ചായത്തിലും നിയന്ത്രണങ്ങൾ തുടരുകയാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കാം.
പാണ്ടിക്കാട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേത് ഉൾപ്പെടെ തിങ്കളാഴ്ച പരിശോധിച്ച 11 പേരുടെ സ്രവ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്നനു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിലവിൽ 15 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. കുട്ടിയെ ചികിത്സിച്ച നഴ്സ് ഉൾപ്പെടെ രണ്ട് പാലക്കാട് ജില്ലക്കാർ നിരീക്ഷണത്തിലാണ്. ചികിത്സയ്ക്ക് എത്തിയ ആശുപത്രിയിൽ കുട്ടി എത്തിയ സമയത്ത് ചികിത്സയിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിക്ക് കടുത്ത പനിയുണ്ടായിരുന്നു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മൂന്നുപേരും സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ രണ്ടുപേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
സമ്പർക്ക പട്ടികയിലെ 194 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. ഇതിൽ 139 പേരും ആരോഗ്യ പ്രവർത്തകരാണ്. 7,239 വീടുകളിൽ സർവേ നടത്തിയതിൽ 439 പേർക്ക് പനിയുണ്ട്. ഇതിൽ നാലുപേർ മാത്രമാണ് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി നേരിട്ടു സമ്പർക്കമുള്ളത്.
പാണ്ടിക്കാട്ട് 14കാരന് നിപ ബാധിച്ചത് അമ്പഴങ്ങയിൽനിന്നാണെന്നാണ് പ്രാഥമിക നിഗമനം. അമ്പഴങ്ങ കഴിച്ച സ്ഥലത്ത് വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം വാവ്വാലുകളിൽ കണ്ടെത്തിയ അതേ വകഭേദമാണ് പാണ്ടിക്കാട്ടും റിപ്പോര്‍ട്ട് ചെയ്യുന്നത്.
Summary: Test results of those under Nipah surveillance in Malappuram will be available today