താനൂർ കസ്റ്റഡി മരണം; ഇടനിലക്കാർ മുഖേന കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചെന്ന് താമിറിന്റെ സഹോദരൻ ഹാരിസ് ജിഫ്രി
ചില വാഗ്ദാനങ്ങൾ നൽകി കുടുംബത്തെ സ്വാധീനിക്കുകയായിരുന്നു ലക്ഷ്യമെന്നും ഹാരിസ് ജിഫ്രി.
മലപ്പുറം: താനൂർ കസ്റ്റഡിമരണത്തിൽ പൊലീസിന്റെ അട്ടിമറി ശ്രമങ്ങളുടെ കൂടുതൽ വിവരങ്ങൾ മീഡിയ വണ്ണിന് ലഭിച്ചു. ഇടനിലക്കാർ മുഖേന കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചു. പല ഉദ്യോഗസ്ഥരുടെ വെളിപെടുത്തലുകളും ചിലരെ രക്ഷപെടുത്തനാന്നെന്നും താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി മീഡിയ വണ്ണിനോട് പറഞ്ഞു.
താമിർ ജിഫ്രി കസ്റ്റഡിയിൽ കൊലപെട്ട അടുത്ത ദിവസം തന്നെ കേസ് ഒത്തു തീർപ്പാക്കാൻ പൊലീസിന്റെ ശ്രമം തുടങ്ങി. താമിർ ജിഫ്രിയുടെ ബന്ധുക്കൾ വഴിയാണ് സഹോദരനിലേക്ക് എത്താൻ ശ്രമിച്ചത്. ചില വാഗ്ദാനങ്ങൾ നൽകി കുടുംബത്തെ സ്വാധീനിക്കുകയായിരുന്നു ലക്ഷ്യം. തുടക്കത്തിലെ ഇത് തടഞ്ഞുവെന്ന് ഹാരിസ് ജിഫ്രി മീഡിയവണ്ണിനോട് പറഞ്ഞു. പല രീതിയിലുള്ള വിവരങ്ങളാണ് കേസുമായി ബന്ധപെട്ട് പുറത്ത് വരുന്നത്. പല രീതിയിലുഉള്ള താൽപര്യങ്ങൾ ഇതിന് പിന്നിലുണ്ടെന്നും ഹാരിസ് ജിഫ്രി പറഞ്ഞു. പ്രതികളായ പൊലീസുകാർക്ക് ഒളിവിൽ കഴിയാൻ ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.