'സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു, തരൂരിന്റെ പരിപാടി മാറ്റിയത് സമ്മർദം മൂലം'; കെ.മുരളീധരൻ
'വിവാദം ഉണ്ടാക്കിയത് മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നവർ'
കോഴിക്കോട്: ശശി തരൂരിന്റെ പരിപാടികൾ മാറ്റിയത് സമ്മർദം മൂലമാണെന്നും ഇത്തരം നടപടികൾ കോൺഗ്രസിന് ഗുണകരമല്ലെന്നും കെ.മുരളീധരൻ എം.പി. 'ആരെയും തഴയാൻ പാടില്ല.ഇത്തരം പരിപാടികൾക്ക് ഏതായാലും സദുദ്ദേശത്തിലല്ല നടത്തിയത്. അദ്ദേഹം പറഞ്ഞു.
'തരൂരിനെ മാറ്റിയതിൽ ഗൂഢാലോചന നടന്നു. അത് തനിക്കും മറ്റുനേതാക്കള്‍ക്കും അറിയാം. ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. തടയിട്ടതിന്റെ ഉദ്ദേശം മറ്റ് ചിലതാണ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റിന് പരിപാടി മാറ്റിവെയ്ക്കാൻ സമ്മർദമുണ്ടായി. ഈ നടക്കുന്ന വിവാദങ്ങളിൽ ഷാഫി പറമ്പിലിന് പങ്കില്ല. ഷാഫി ഇക്കാര്യത്തിൽ നിരപരാധിയാണെന്ന് എനിക്കറിയാം. ഷാഫി പറമ്പിലിന് ഇതിൽ പങ്കില്ല. അതുക്കു മേലെയാണ് സമ്മർദമുണ്ടായത്. അക്കാര്യം അന്വേഷിക്കുന്നതിൽ വിരോധമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
'മുഖ്യമന്ത്രി ആകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ വിവാദങ്ങൾ അസ്വസ്ഥത ഉണ്ടാക്കിയേക്കാം'. വിവാദം ഉണ്ടാക്കിയത് മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നവരാണെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മാധ്യമങ്ങൾ തരൂരിനെ അവതരിപ്പിച്ചെന്നും മുരളീധരന്‍ പറഞ്ഞു.
'അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പരമാവധി എം.പിമാർ ഉണ്ടാവുക എന്നതാണ് കോൺഗ്രസിന്റെ ഇപ്പോഴുള്ള ലക്ഷ്യമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. പിണറായി വിജയൻ സർക്കാറിനെ തെരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. കേന്ദ്രത്തിൽ ബി.ജെ.പിയും കേരളത്തിൽ സി.പിഎമ്മുമാണ് കോൺഗ്രസിന്റെ എതിരാളികൾ. ഇത് വിഭാഗീയ പ്രവർത്തനമല്ല. ഇത് സംഘപരിവാറിനെതിരായിട്ടുള്ള പോരാട്ടത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.സുധാകരനെതിരെ സി.കെ ശ്രീധരന്‍ മാനനഷ്ടത്തിന് കേസ് കൊടുത്താല്‍ കോടതിയിൽ കണ്ടോളാമെന്നും മുരളീധരന്‍ പറഞ്ഞു.