പ്രതിസന്ധികൾക്കിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

നയപ്രഖ്യാപനപ്രസംഗത്തിൽ ഒപ്പിടാതെ അസാധാരണമായി പ്രതിസന്ധി ഗവർണർ സൃഷ്ടിച്ചെങ്കിലും അതിനെ മറികടന്നുവെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ

Update: 2022-02-18 00:56 GMT
Editor : Dibin Gopan | By : Web Desk
Advertising

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.നയപ്രഖ്യാപനപ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ച ശേഷമുണ്ടായ പ്രതിസന്ധികൾക്കിടെയാണ് സഭ സമ്മേളനം ആരംഭിക്കുന്നത്. ഗവർണറുടെ നിലപാടിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്താനാണ് സാധ്യത. രണ്ട് ഘട്ടമായി 14 ദിവസമാണ് സഭ ചേരുക. ലോകായുക്ത നിയമഭേദഗതി അടക്കമുള്ള വിവാദ വിഷയങ്ങൾ സഭയിൽ ഉയർന്ന് വരും.

നയപ്രഖ്യാപനപ്രസംഗത്തിൽ ഒപ്പിടാതെ അസാധാരണമായി പ്രതിസന്ധി ഗവർണർ സൃഷ്ടിച്ചെങ്കിലും അതിനെ മറികടന്നുവെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ. എന്നാൽ കേന്ദ്രസർക്കാർ ഗവർണർ വഴി സംസ്ഥാനസർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുവെന്നാണ് സിപിഎം വിലയിരുത്തൽ. ഇന്ന് മുതൽ 24 വരെ ചേരുന്ന സഭ സമ്മേളത്തിൽ പ്രതിപക്ഷത്തിന്റെ വലിയ ആയുധം തന്നെ ആയിരിക്കം ഗവർണറുടെ നിലപാട്. നയപ്രഖ്യാപനം ഒപ്പിടാതെ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ ഗവർണർക്കെതിരെ പ്രതിപക്ഷം ഇന്ന് സഭയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.അതേസമയം കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ നിലപാട് നയപ്രഖ്യാപനത്തിൽ ഗവർണ്ണർ വ്യക്തമാക്കും.സംസ്ഥാനത്തിന്റെ പുരോഗതിക്ക് കെ റെയിൽ വേണമെന്ന നിലപാടായിരിക്കും സഭയിൽ ഗവർണർ പ്രഖ്യാപിക്കുക. അടിസ്ഥാന സൗകര്യ വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകിയുള്ള നയപ്രഖ്യാപനമാകാനാണ് സാധ്യത. നയപ്രഖ്യാപനത്തിന് ശേഷം സഭ പിരിയും.

തിങ്കളാഴ്ച ചേരുന്ന നിയമസഭ പിടി തോമസ് എംഎൽഎയ്ക്ക് ചരമോപചാരം അർപ്പിക്കും.22 മുതൽ 24 വരെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും.24 ന് പിരിയുന്ന സഭ സിപിഎം സംസ്ഥാനസമ്മേളനത്തിന് ശേഷം മാർച്ച് 11 ന് ബജറ്റ് അവതരത്തോടെ പുനരാരംഭിക്കും.ലോകായുക്ത നിയമഭേദഗതി അടക്കം നിരവധി വിവാദവിഷയങ്ങൾ സഭ സമ്മേളനത്തിൽ ഉയർന്ന് വരും.ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച് സർക്കാർ നടപടി സഭയെ പ്രക്ഷുബ്ദമാക്കാനാണ് സാധ്യത.നിയമനിർമ്മാണത്തിനായി രണ്ട് ദിവസം മാറ്റി വച്ചിട്ടുണ്ട്. ഇതിൽ ലോകായുക്ത നിയമഭേദഗതി വരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ബില്ല് വരുമ്പോൾ നിരാകരണപ്രമേയം കൊണ്ട് വരുന്നതിനെ കുറിച്ച് പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ എതിർപ്പിനപ്പുറം സിപിഐയുടെ എതിർപ്പ് സഭയിൽ ഉയരുമോ എന്നാണ് സിപിഎമ്മിന് ആശങ്ക.അങ്ങനെയെങ്കിൽ സർക്കാർ വെട്ടിലാകും. മന്ത്രിസഭയോഗത്തിൽ എതിർപ്പ് രേഖപ്പെടുത്തിയ സിപിഐയുടെ തുടർ നീക്കങ്ങൾ നിർണ്ണായകമാണ്.സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ,കെ റെയിൽ,കെഎസ് ഇബിയിൽ നടക്കുന്ന സമരം അടക്കം. പ്രതിപക്ഷത്തിൻറെ കയ്യിൽ ആയുധങ്ങൾ നിരവധിയാണ്.ഇതിനെ മറികടക്കാനുള്ള രാഷ്ട്രീയതന്ത്രങ്ങൾ ഭരണപക്ഷവും മെനയുന്നുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News