'രേഷ്മയെ സ്വീകരിക്കാനെത്തിയത് ബി.ജെ.പി നേതാവ്, ഹാജരായത് ബി.ജെ.പിയുടെ വക്കീലും'- എംവി ജയരാജൻ
''വാടകയില്ലാതെയാണ് നിജിൽദാസ് രേഷ്മയുടെ വീട്ടിൽ കഴിഞ്ഞത്. നിജില്‍ദാസുമായി ആദ്യമേ പരിചയമുണ്ടെന്നും അവര്‍ കൊലക്കേസ് പ്രതിയാണെന്നും രേഷ്മക്ക് അറിയാമായിരുന്നു''
കണ്ണൂര്‍: പുന്നോൽ ഹരിദാസ് വധക്കേസ് പ്രതി നിജിൽദാസിനെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ച രേഷ്മയെ സംരക്ഷിക്കുന്നത് ബിജെപിയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവിജയരാജൻ. രേഷമയെ ഇറക്കിക്കൊണ്ടുപോയത് ബിജെപി നേതാവാണ്. അവർക്കു വേണ്ടി ഹാജരായത് ബിജെപിയുടെ വക്കീലും. രേഷ്മയുടേത് സിപിഎം കുടുംബമാണെന്ന ആരോപണം വസ്തുതവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വക്കേറ്റ് പരിഷത്ത് നേതാവ് പി. പ്രേമരാജൻ, ബിജെപി തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിയും കൗൺസിലറുമായ കെ അജേഷ് എന്നിവർ കൊലക്കേസ് പ്രതിയെ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ സ്ത്രീയെ സംരക്ഷിക്കാൻ എത്തിച്ചേരുന്നു എന്നത് നിസ്സാരമായ കാര്യമല്ല എന്നും ജയരാജൻ കൂട്ടിച്ചേർത്തു.
വാടകയില്ലാതെയാണ് നിജിൽദാസ് രേഷ്മയുടെ വീട്ടിൽ കഴിഞ്ഞത്. നിജില്‍ദാസുമായി ആദ്യമേ പരിചയമുണ്ടെന്നും അവര്‍ കൊലക്കേസ് പ്രതിയാണെന്നും രേഷ്മക്ക് അറിയാമായിരുന്നു. പ്രതിയെ മുഖ്യമന്ത്രി സംരക്ഷിച്ചു എന്നു പറയാത്തത് മഹാഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിജിൽ ദാസിന് ഒളിച്ചുകഴിയാൻ വീടു നൽകിയ രേഷ്മയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ പിതാവ് തള്ളിയിരുന്നു. നിജിൽദാസിന് വേണ്ടിയല്ല വീട് വാടകയ്ക്ക് നൽകിയതെന്നും നിജിലിന്റെ ഭാര്യക്ക് വേണ്ടിയാണ് നൽകിയതെന്നുമായിരുന്നു ഇന്നലെ രേഷ്മയുടെ കുടുംബത്തിന്റെ പ്രതികരണം. നിജിൽ ദാസിന് രേഷ്മ വീട്ടിൽനിന്ന് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടില്ലെന്നും മകൾ ചതിക്കപ്പെടുകയായിരുന്നു എന്നും പിതാവ് പറഞ്ഞിരുന്നു.
സിപിഎം പാർട്ടിഗ്രാമമായ പിണറായി പാണ്ട്യാല മുക്കിലെ രേഷ്മയുടെ വീട്ടില്‍ നിന്നാണ് നിജിൽ ദാസിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഒളിവിൽ താമസിപ്പിച്ചതിന് രേഷ്മയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിജിൽ ദാസ് പിടിയിലായതിന് പിന്നാലെ രാത്രി വീടിന് നേരെ ബോംബേറുണ്ടാവുകയും വീടിന്റെ എല്ലാ ജനലുകളും അടിച്ചുതകർത്തതായും കണ്ടെത്തി.