കേരളത്തിൽ 80 ശതമാനവും ഡെൽറ്റ പ്ലസ് കേസുകള്‍; ഇളവുകള്‍ വെല്ലുവിളിയെന്ന് കേന്ദ്ര സംഘം

വാക്സിൻ ഡോസുകളുടെ ഇടവേള കുറക്കണോ എന്ന് പരിശോധിക്കാൻ നിർദേശം

Update: 2021-08-11 03:58 GMT
Advertising

കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് കേന്ദ്ര സംഘം. ഇളവുകൾ രോഗവ്യാപനത്തിന് കാരണമാകുമെന്നും സംഘം വിലയിരുത്തി. വാക്സിൻ എടുത്തവരിലും രോഗം വർധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ ഡോസുകളുടെ ഇടവേള കുറക്കണോ എന്ന് പരിശോധിക്കാൻ നിർദേശം നൽകുകയും ചെയ്തു.

കേരളത്തിലെ കോവിഡ് വ്യാപനം പഠിക്കാനെത്തിയ ആറംഗ സംഘം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാനത്തെ എട്ട് ജില്ലകള്‍ സന്ദര്‍ശിച്ച സംഘം ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെ കേരളത്തില്‍ 4.6 ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്നും വ്യക്തമാക്കുന്നു.

കേരളത്തിൽ 80 ശതമാനവും ഡെൽറ്റ പ്ലസ് കേസുകളാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. എട്ട് ജില്ലകളിൽ പത്തു ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ രോഗ വ്യാപനം കൂടുന്നുവെന്നും മുന്നറിയിപ്പുണ്ട്.  

സംസ്ഥാനത്തെ വീടുകളിലുള്ള നിരീക്ഷണം ഫലപ്രദമല്ലെന്നാണ് കേന്ദ്ര സംഘം വ്യക്തമാക്കുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചല്ല വീടുകളിലെ ഈ ചികിത്സയെന്നും സംഘം വ്യക്തമാക്കി. ക്വാറന്‍റീനും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാത്തത് ക്ലസ്റ്ററുകള്‍ രൂപപ്പെടുത്തുന്നുവെന്നും കേന്ദ്ര സംഘം ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന പൗരന്മാരുടെയും മറ്റ് അസുഖങ്ങളുള്ളവരുടെയും എണ്ണം കൂടിയതാണ് രോഗവ്യാപനത്തിന് കാരണം.

പ്രാദേശിക ലോക്ക്ഡൗണ്‍ കര്‍ശനമാക്കണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു. ഓണത്തിനുള്ള ഇളവും, ടൂറിസം കേന്ദ്രങ്ങള്‍ തുറന്നതും ആശങ്കയുണ്ടാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരമല്ല ജില്ലകളിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ രൂപീകരിച്ചതെന്ന് കണ്ടെത്തിയതായി സംഘം പറഞ്ഞു. സി കാറ്റഗറിയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമല്ലെന്നും ഇതിന് ചുറ്റും ബഫര്‍ സോണുകളില്ലെന്നും കേന്ദ്രസംഘം വ്യക്തമാക്കി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News