ഇസ്രായേൽ ആക്രമണത്തിൽ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട ഫലസ്തീൻ യുവതിയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

കേരള യൂണിവേഴ്‌സിറ്റിയിലെ എം.എ ലിംഗ്വിസ്റ്റിക്‌സ് വിദ്യാർഥിനിയെയാണ് മുഖ്യമന്ത്രി ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചത്

Update: 2023-10-20 16:04 GMT
Advertising

തിരുവനന്തപുരം: ഇസ്രായേൽ ആക്രമണത്തിൽ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട ഫലസ്തീൻ യുവതിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള യൂണിവേഴ്‌സിറ്റിയിലെ എം.എ ലിംഗ്വിസ്റ്റിക്‌സ് വിദ്യാർഥിനിയെയാണ് മുഖ്യമന്ത്രി ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചത്.

ഫലസ്തീനിൽ നിന്ന് കേരളത്തിലെത്തി പഠനം നടത്തുന്ന എം.എ ലിംഗ്വസ്റ്റിക്‌സ് വിദ്യാർഥിനി ഫുറാത്ത് അൽമോസാൽമിയും ഭർത്താവും പി.എച്ച്.ഡി വിദ്യാർഥിയുമായ സമർ അബുദോവ്ദയും ഇന്നലെ നടന്ന വിദേശ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ ഇന്നലെ നടന്ന ഇസ്രയേലിന്റെ റോക്കറ്റ് ആക്രമണത്തിൽ ഇവരുടെയും അടുത്ത ബന്ധുക്കൾ കൊല്ലപ്പെടുകയും വീട് തകരുകയുമായിരുന്നു.

വടക്കൻ ഗസ്സയിൽ നടന്ന ആക്രമണത്തിൽ ഇരുവരുടെയും മാതാപിതാക്കളടക്കം തെക്കൻ ഗസ്സയിലേക്ക് പാലായനം ചെയ്തു. കേരളീയം പരിപാടിയുടെ ഭാഗമായി ഇന്നലെ കനകകുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഇരുവർക്കും ക്ഷണമുണ്ടായിരുന്നു. ഇതിൽ പങ്കെടുക്കാനുളള തയ്യാറെടുപ്പിനിടെയാണ് ഗസ്സയിലെ ഇവരുടെ വീട് ബോംബാക്രമണത്തിൽ തകർന്ന് ബന്ധുക്കൾ കൊല്ലപ്പെട്ടുവെന്ന വാർത്ത ഇരുവരേയും തേടിയെത്തിയത്. ഇതേ തുടർന്ന് ഇവർക്ക് പരിപാടിയിൽ പങ്കെടുക്കാനായില്ല. യൂണിവേഴ്‌സിറ്റി അധികാരികളിൽ നിന്ന് ഇക്കാര്യം മനസിലാക്കിയതിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫുറേത്തിനെ ഫോണിൽ ബന്ധപ്പെട്ട് ആശ്വസിപ്പിച്ചത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News