‘‘പിണറായി വിജയനിലെ കമ്യൂണിസ്റ്റുകാരൻ ഇല്ലാതായി’’; ‘യുവതയോട് അറിയണം പിണറായിയെ’ ഡോക്യുമെന്ററി പിൻവലിച്ച് സംവിധായകൻ
‘75 ലക്ഷത്തോളം കാഴ്ചക്കാർ വിഡിയോക്കുണ്ടായിരുന്നു’
കോഴിക്കോട്: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയനെക്കുറിച്ച് തയ്യാറാക്കിയ ‘യുവതയോട് അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററി പിൻവലിച്ചതായി സംവിധായകൻ കെ.ആർ. സുഭാഷ്. യുവതയോട് കമ്യൂണിസ്റ്റുകാരനായ പിണറായി വിജയനെ കുറിച്ചാണ് താൻ ഡോക്യുമെൻററിയിൽ പറഞ്ഞത്. അദ്ദേഹത്തിലെ കമ്യൂണിസ്റ്റുകാരൻ ഇല്ലാതായിരിക്കുന്നു എന്ന തോന്നൽ പൂർണമായപ്പോൾ ആ ഡോക്യുമെൻററി പിൻവലിക്കുകയാണെന്ന് കെ.ആർ. സുഭാഷ് ഫേസ്ബുക്കിൽ കുറിച്ചു.
പ്രസ്ഥാനത്തിൻറെ ആസന്നമരണത്തിനു മുന്നേ തനിക്ക് ചെയ്യാൻ കഴിയുന്നത് ഇത്രയേ ഉള്ളൂ. ഒരുപാട് എതിർപ്പുകൾ വരുന്നുണ്ടെന്ന് അറിയാം. എങ്കിലും ഇത്തരം ചില ഒറ്റപ്പെട്ട ട്രീറ്റ്മെന്റുകളും ഇക്കാലത്ത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയൻ കമ്യൂണിസ്റ്റുകാരന്റെ വഴിയിൽനിന്ന് വ്യതിചലിച്ചുവെന്ന് കെ.ആർ. സുഭാഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അദ്ദേഹം കോർപ്പറേറ്റുകൾക്കും കുത്തക നിലപാടുകൾക്കുമൊപ്പമാണ് നിൽക്കുന്നത്. ഈ രീതിയിൽ അദ്ദേഹത്തെ ഉൾക്കൊള്ളാനാവില്ല. ഇതൊരു കാൻസറായി മാറിയിട്ടുണ്ട്. അതിനെ മുറിച്ചുകളയുകയും കീമോ തെറാപ്പി ചെയ്യണമെന്നും സുഭാഷ് പറഞ്ഞു.
75 ലക്ഷത്തോളം കാഴ്ചക്കാർ വിഡിയോക്കുണ്ടായിരുന്നു. നിരവധി ചാനലുകളിലും ഡോക്യുമെന്ററി സംപ്രേഷണം ചെയ്തിട്ടുണ്ട്. യൂട്യൂബിൽനിന്നും ഫേസ്ബുക്കിൽനിന്നും വിഡിയോ പിൻവലിച്ചിട്ടുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി.