പട്ടയനടപടികൾ വേഗത്തിലാക്കാനാരംഭിച്ച 'ഭൂമി പതിവ്' ഓഫീസുകൾ നിർത്തലാക്കാൻ സർക്കാർ നീക്കം
പട്ടയത്തിനുള്ള അപേക്ഷ സ്വീകരിക്കൽ,സർവ്വേ, പട്ടയ വിതരണം തുടങ്ങിയവക്കായി ആറ് ഭൂമി പതിവ് ഓഫീസുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്
തൊടുപുഴ: ഇടുക്കി ജില്ലയിലെ പട്ടയനടപടികൾ വേഗത്തിലാക്കാനാരംഭിച്ച ഭൂമി പതിവ് ഓഫീസുകൾ നിർത്തലാക്കാൻ സർക്കാർ നീക്കം. ജില്ലയിലെ അഞ്ച് എൽ. എ ഓഫീസുകളുടെ പ്രവർത്തനമാണ് റവന്യു വകുപ്പ് അവസാനിപ്പിക്കാനൊരുങ്ങുന്നത്. ഓഫീസുകളുടെ പ്രവർത്തന കാലാവധി നീട്ടിയില്ലെങ്കിൽ പട്ടയ നടപടികളെ പ്രതികൂലമായി ബാധി്ക്കുമെന്നാണ് വിലയിരുത്തൽ.
പട്ടയത്തിനുള്ള അപേക്ഷ സ്വീകരിക്കൽ,സർവ്വേ, പട്ടയ വിതരണം തുടങ്ങിയവക്കായി ആറ് ഭൂമി പതിവ് ഓഫീസുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇതിൽ ഇടുക്കിയിലെ ഓഫീസ് മാത്രം നിലനിർത്തി നെടുങ്കണ്ടം, കരിമണ്ണൂർ, രാജകുമാരി, കട്ടപ്പന, മുരിക്കാശ്ശേരി ഓഫീസുകളുടെ പ്രവർത്തനം അവസാനിപ്പിക്കാനാണ് റവന്യൂ വകുപ്പിന്റെ നീക്കം. ഓഫീസുകളുടെ പ്രവർത്തനം നിർത്തുന്നത് ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്ന ആശങ്കയും മലയോരജനതക്കുണ്ട്.
നിർത്തലാക്കുന്ന ഓഫീസുകളിലെ ഫയലുകൾ വിവിധ തഹസിൽദാർമാർക്ക് കൈമാറാനാണ് നിർദേശം.എന്നാൽ, ഓഫീസുകളുടെ പ്രവർത്തനകാലാവധി കഴിയുന്ന 2023 മാർച്ച് 31 ന് മുൻപായിപട്ടയനടപടികൾ പൂർത്തിയാക്കണമെന്ന നിർദേശമാണ് സർക്കാർ നൽകിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.