ചൂട് കനത്തു; വിളവെടുപ്പിന് പാകമായ വാഴക്കുലകൾ ഒടിഞ്ഞുള്ള കൃഷിനാശം വ്യാപകമാകുന്നു
സർക്കാർ വരൾച്ച പ്രഖ്യാപിക്കാത്തതിനാൽ കർഷകർക്ക് ഇൻഷുറൻസും ലഭിക്കാത്ത അവസ്ഥയാണ്
കോഴിക്കോട്: ചൂട് കനത്തതോടെ വിളവെടുപ്പിന് പാകമായ വാഴക്കുലകൾ ഒടിഞ്ഞുള്ള കൃഷിനാശം വ്യാപകമാകുന്നു. കോഴിക്കോട് കിഴക്കൻ മലയോരത്തെ കർഷകർക്കാണ് വൻതോതിൽ കൃഷിനാശം ഉണ്ടായത്. സർക്കാർ വരൾച്ച പ്രഖ്യാപിക്കാത്തതിനാൽ കർഷകർക്ക് ഇൻഷുറൻസും ലഭിക്കാത്ത അവസ്ഥയാണ്.
കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയായ മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ, തിരുവമ്പാടി പഞ്ചായത്തുകളിൽ വരൾച്ച രൂക്ഷമാണ്. റംസാൻ - വിഷു വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തതും ആഴ്ചകൾക്കകം വിളവെടുക്കാൻ പാകമായതുമായ വാഴകളാണ് വരൾച്ച രൂക്ഷമായതോടെ ഒടിഞ്ഞ് നശിക്കുന്നത്. വരൾച്ച കടുത്തതോടെ മീറ്ററുകളോളം പൈപ്പിട്ട് പുഴയിൽ നിന്നും മറ്റ് ജലസ്രോതസ്സുകളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് കൃഷിയിടം നനച്ചിട്ടും യാതൊരു രക്ഷയുമില്ലെന്നാണ് കർഷകർ പറയുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ തൊണ്ടിമലിൽ വാഴകൃഷി ചെയ്യുന്ന ഇ.പി ബാബുവിന്റെ 3000 വാഴകളിൽ പകുതിയിലേറെ വാഴകളാണ് ഉണങ്ങിയും ഒടിഞ്ഞും നശിച്ചത്.
വരൾച്ച മൂലം വ്യാപകമായി വാഴകൃഷിനാശം ഉണ്ടാകുന്നത് കൃഷി ഓഫീസർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും സർക്കാർ വരൾച്ച പ്രഖ്യാപിക്കാത്തതിനാൽ ഇൻഷുറൻസ് സാധ്യതയില്ല എന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ പ്രളയകാലത്തെ കൃഷി നാശത്തിന്റെ ഇൻഷുറൻസ് തുക ഇതുവരെയും ലഭിച്ചിട്ടില്ല എന്നും കർഷകർ പറയുന്നു.
വേനൽ കടുത്ത് വരൾച്ച ശക്തി പ്രാപിക്കുമ്പോൾ കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ വേണമെന്നാണ് കർഷകരുടെ ആവശ്യം.