നഗരസഭാ വാച്ച്മാനെ ആളുമാറി കസ്റ്റഡിയിലെടുത്തു; പൊലീസിനെതിരെ പരാതി
പൊലീസ് നടപടിക്കെതിരെ നഗരസഭാ പ്രതിഷേധ പ്രമേയം പാസാക്കി
കൊച്ചി: പെരുമ്പാവൂരിൽ ആളുമാറി പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് പരാതി. ആലുവ നഗരസഭാ വാച്ച്മാൻ സുധീറിനെയാണ് പ്രതിയെന്ന് തെറ്റിദ്ധരിച്ച് പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണ കേസിലെ പ്രതിയെന്ന് തെറ്റിദ്ധരിച്ചാണ് പെരുമ്പാവൂർ പൊലീസ് സുധീറിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത് പ്രതിയല്ലാത്ത ആളെയാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ കൗൺസിൽ പരാതി നൽകിയതോടെ ഇയാളെ വിട്ടയക്കുകയായിരുന്നു.
പൊലീസിന്റെ നടപടിക്കെതിരെ നഗരസഭാ അടിയന്തര യോഗം ചേർന്ന് പ്രതിഷേധ പ്രമേയം പാസാക്കിയിട്ടുണ്ട്. ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുമ്പോൾ ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന ചട്ടം പൊലീസ് പാലിച്ചില്ലെന്നാണ് ആരോപണം. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കാനാണ് സുധീറിന്റെയും നഗരസഭയുടെയും തീരുമാനം
ഇന്നലെ വൈകീട്ട് 5:30ഓടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുധീറിനെ നഗരസഭാ കാര്യാലയത്തിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന നഗരസഭാ അധ്യക്ഷനോടുപോലും കാരണം വ്യക്തമാക്കാൻ പൊലീസ് തയാറായില്ല. പക്ഷെ സ്റ്റേഷനിലെത്തി കുറച്ചു സമയത്തിനു ശേഷം മാത്രമാണ് കസ്റ്റഡിയിലെടുത്തയാൾ മാറിപ്പോയതായി പൊലീസ് തിരിച്ചറിഞ്ഞത്. ശേഷം സുധീറിനെ രാത്രി 9:30ഓടെ വിട്ടയക്കുകയായിരുന്നു.