ഹമീദ് ഫൈസിക്കെതിരെ പരാതി നൽകിയതിൽ എതിർപ്പുമായി എസ്‌ഐസി എക്‌സിക്യൂട്ടീവ് അംഗങ്ങൾ

സമസ്തയുടെ സൗദിയിലെ സംഘടനക്ക് സമാന്തര ഘടകം രൂപീകരിക്കാൻ ഹമീദ് ഫൈസി ശ്രമിച്ചുവെന്നായിരുന്നു ആരോപണം.

Update: 2025-01-09 08:57 GMT
Advertising

കോഴിക്കോട്: ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ സമസ്ത മുശാവറക്ക് പരാതിനൽകിയതിൽ സൗദിയിലെ സമസ്തയുടെ സംഘടനയായ സമസ്ത ഇസ്‌ലാമിക് സെന്റർ നേതൃത്വത്തിനെതിരെ നാഷണൽ എക്‌സിക്യൂട്ടീവ് അംഗങ്ങൾ. ഫരീദ് ഐക്കരപ്പടി, മാനു തങ്ങൾ തുടങ്ങി ഒമ്പത് നാഷണൽ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് നേതൃത്വത്തിനെതിരെ പ്രസ്താവന പുറത്തിറക്കിയത്.

എസ്‌ഐസി നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ തീർത്തും വാസ്തവവിരുദ്ധമാണെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങൾ പറഞ്ഞു. എസ്ഐസി സൗദി നാഷണൽ എക്‌സിക്യൂട്ടീവോ പ്രവർത്തക സമിതിയോ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും കത്ത് നൽകിയതിൽ ഗൂഢാലോചനയുണ്ടെന്നും ഇവർ ആരോപിക്കുന്നു. ഹമീദ് ഫൈസിയും സാലിം ഫൈസിയും വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് സൗദിയിലെത്തിയതെന്നും ഫരീദ് ഐക്കരപ്പടി, സയ്യിദ് മാനു തങ്ങൾ, റാഷിദ് ദാരിമി, ശിഹാബുദ്ദീൻ ബാഖവി, ഹംസ ഫൈസി, അബൂബക്കർ താമരശ്ശേരി, അബ്ദുസ്സലാം കൂടരഞ്ഞി, അഷ്റഫ് തില്ലങ്കേരി, മുബഷിർ അരീക്കോട് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്താവനയുടെ പൂർണരൂപം:

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പതിമൂന്നാം പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) ന് സമാന്തര ഘടകം രൂപീകരിക്കാനായി ഹമീദ് ഫൈസി അമ്പലക്കടവും സാലിം ഫൈസിയും സഊദിയിൽ വന്ന് ശ്രമം നടത്തിയെന്ന തരത്തിൽ സമസ്തക്ക് കത്ത് നൽകിയത് വാസ്തവ വിരുദ്ധമെന്ന് എസ് ഐ സി നേതാക്കൾ പറഞ്ഞു. സമസ്ത മുശാവറക്ക് ഇത്തരത്തിൽ വലിയൊരു പരാതി നൽകിയതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ചില നിക്ഷിപ്ത താല്പര്യക്കാരുടെ തീരുമാനങ്ങൾ എസ് ഐ സി യുടേതെന്ന തരത്തിൽ വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെയും ഭാഗമാണ് കത്ത് നൽകിയത്. എസ് ഐ സി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങളും ജനറൽ സിക്രട്ടറി റാഫി ഹുദവിയും നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ തീർത്തും വാസ്തവ വിരുദ്ധമാണ്. എസ്‌ഐസി സഊദി നാഷണൽ എക്സിക്യൂട്ടീവോ പ്രവർത്തക സമിതിയോ ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടിട്ടുമില്ല. ഇത്തരത്തിൽ പ്രവർത്തകരെ തെറ്റിധരിപ്പിക്കുന്ന തരത്തിൽ കത്ത് തയ്യാറാക്കുകയും അത് മുശാവറ ദിവസം തന്നെ പുറത്തേക്ക് ചോർത്തി നൽകുകയും ചെയ്തതിനു പിന്നിൽ ഗൂഢാലോചനയാണ്. ഇതിൽ പ്രവർത്തകർ വീണ് പോകരുത്. ഹമീദ് ഫൈസി അമ്പലക്കടവും സാലിം ഫൈസിയും സഊദിയിൽ എത്തി എന്നത് വാസ്തവമാണ്. എന്നാൽ, അവർ ഗൂഡാലോചന നടത്തിയെന്നും എസ് ഐ സി ക്ക് സമാന്തര സംഘടന സഊദിയിൽ രൂപീകരിച്ചെന്നും വരുത്തി തീർക്കുന്നത് അംഗീകരിക്കാവുന്നതല്ല. പേഴ്സണൽ ആവശ്യങ്ങൾക്കും ഉംറക്കായും പല നേതാക്കളും പല സമയങ്ങളിലായി പ്രവാസ ലോകത്ത് വന്നു പോകാറുണ്ട്. അത് പോലെയുള്ള ഒരു യാത്രയായിരുന്നു ഇരുവരും നടത്തിയത്. ഇക്കാര്യം വ്യക്തമാക്കി സാലിം ഫൈസി ഇതിനകം തന്നെ രംഗത്തെത്തിയിട്ടുമുണ്ട്. എന്നിട്ടും സമസ്തയെയും പ്രവർത്തകരെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ കത്ത് നൽകിയത് തീർത്തും ദുരുദ്ദേശപരമാണ്. എസ് ഐ സി പ്രസിഡന്റ്റിന്റെയും ജനറൽ സിക്രട്ടറിയുടെയും ഈ നിലപാടിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം ഹമീദ് ഫൈസിയെയും സാലിം ഫൈസിയെയും പോലെ സമസ്തയുടെ സമുന്നതരായ നേതാക്കളെ സമൂഹത്തിനു മുന്നിൽ ഇകഴ്താനുള്ള നാണം കെട്ട നിലപാട് പ്രവർത്തകർ തിരിച്ചറിയുമെന്നും എസ് ഐ സി സഊദി നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫരീദ് ഐകരപ്പടി, സയ്യിദ് മാനു തങ്ങൾ, റാഷിദ്‌ ദാരിമി, ശിഹാബുദ്ധീൻ ബാഖവി, ഹംസ ഫൈസി, അബൂബക്കർ താമരശ്ശേരി, അബ്ദുസ്സലാം കൂടരഞ്ഞി, അഷ്‌റഫ്‌ തില്ലങ്കേരി, മുബഷിർ അരീക്കോട് എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News