കുതിരാന്‍ രണ്ടാം തുരങ്കം ഗതാഗതത്തിന് സജ്ജമെന്ന് ദേശീയ പാതാ അതോറിറ്റി
നിർമാണത്തിന് ശേഷം സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയെന്ന് കാട്ടി അതോറിറ്റി ജില്ലാ കലക്ടർക്ക് കത്ത് നൽകി
തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള കുതിരാൻ തുരങ്കം ഗതാഗതത്തിന് സജ്ജമാണെന്ന് ദേശീയ പാതാ അതോറിറ്റി. നിർമാണത്തിന് ശേഷം സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയെന്ന് കാട്ടി അതോറിറ്റി ജില്ലാ കലക്ടർക്ക് കത്ത് നൽകി. തുരങ്കത്തിലേക്കുള്ള റോഡ് നിർമാണം നടക്കുന്നതിനാൽ താത്കാലിക പാത ഉപയോഗിച്ച് വേണം ഇപ്പോൾ ഗതാഗതം നടത്താൻ.
കുതിരാനിലെ രണ്ടാം തുരങ്കത്തിന്‍റെ നിർമാണം പൂർത്തിയാക്കി സുരക്ഷ പരിശോധനകളും വിലയിരുത്തിയെന്നാണ് ദേശീയ പാത അതോറിറ്റി ജില്ല ഭരണ കൂടുത്തെ അറിയിച്ചത്. തുരങ്കം എപ്പോൾ വേണമെങ്കിലും ഗതാഗതത്തിനായി കൊടുക്കാമെന്നും ജില്ലാ കലക്ടർക്ക് ദേശീയപാതാ പ്രോജക്ട് ഡയറക്ടർ നൽകിയ കത്തിൽ പറയുന്നു. ഈ മാസം 31ന് മുൻപായി തുരങ്ക നിർമാണം പൂർത്തിയാക്കാനായിരുന്നു സർക്കാർ നിർദേശിച്ചിരുന്നത്. ജില്ലാ കലക്ടർ പൊതുമരാമത്ത് മന്ത്രിയും റവന്യൂ മന്ത്രിയുമായി ചർച്ച ചെയ്ത ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.
രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമാണം പൂർത്തിയായിട്ടില്ല. മണ്ണൂത്തി മുതൽ തുരങ്ക മുഖം വരെയുള്ള ഭാഗത്തു മേൽപ്പാലങ്ങളും അടി പാതകളും നിർമ്മിക്കാനുണ്ട്. താൽക്കാലിക റോഡ് നിർമ്മിച്ചാണ് ഇപ്പോൾ ഗതാഗതത്തിന് തുറന്നു കൊടുക്കാമെന്ന് ദേശീയ പാത അതോറിറ്റി പറയുന്നത്. നിലവിൽ ഒന്നാം തുരങ്കത്തിലൂടെയാണ് ഇരു ഭാഗത്തേക്കും ഉള്ള വാഹനങ്ങൾ കടത്തി വിടുന്നത്. എല്ലാ ജോലികളും പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.