പുതുക്കിയ മിനിമംകൂലി നിയമം നടപ്പാക്കണമെന്ന ആവശ്യം; കിറ്റെക്‌സിന് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു
നടപടികള്‍ മരവിപ്പിക്കുന്നതായി അറിയിച്ച് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കിറ്റെക്‌സിന് കത്ത് നല്‍കി.
പുതുക്കിയ മിനിമംകൂലി നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കിറ്റെക്‌സിന് നല്‍കിയ നോട്ടീസ് തൊഴിൽ വകുപ്പ് പിൻവലിച്ചു. നടപടികള്‍ മരവിപ്പിക്കുന്നതായി അറിയിച്ച് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കിറ്റെക്‌സിന് കത്ത് നല്‍കി. തൊഴിൽ വകുപ്പിന്‍റെ ആവശ്യം കോടതിയലക്ഷ്യമാണെന്ന് കാണിച്ച് തൊഴിൽ വകുപ്പിന് കിറ്റെക്സ് നോട്ടീസ് നൽകിയിരുന്നു.
2019 ലെ പുതുക്കിയ മിനിമംകൂലി നിയമപ്രകാരം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിറ്റെക്സിന് തൊഴില്‍വകുപ്പ് നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസിൽ സൂചിപ്പിക്കുന്ന 2019-ലെ പുതുക്കിയ കൂലി ഹൈക്കോടതി 2021 മാർച്ച് 26-ന് സ്റ്റേ ചെയ്തിട്ടുള്ളതാണ്. ഇത് കേരളത്തിലെ എല്ലാ കമ്പനികൾക്കും ബാധകവുമാണ്. എന്നാൽ, മറ്റുഫാക്ടറികൾക്കൊന്നുമില്ലാതെ കിറ്റെക്സിനു മാത്രം നോട്ടീസ് നൽകിയിരിക്കുകയാണെന്നായിരുന്നു കിറ്റെക്സിന്‍റെ വാദം.
അതേസമയം, പുതുക്കിയ മിനിമംകൂലി നിയമം ഹൈക്കോടതി സ്റ്റേ ചെയ്തത് അറിയില്ലായിരുന്നെന്നാണ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കിറ്റെക്സിനയച്ച കത്തില്‍ പറയുന്നത്. വിഷയത്തില്‍ ഹൈക്കോടതിയുടെ അന്തിമതീര്‍പ്പ് അനുസരിച്ചാകും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും കത്തില്‍ പറയുന്നു.