പൈപ്പ് ഇടാൻ കുഴിച്ച കുഴികൾ വേണ്ട വിധം മൂടിയില്ല; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുഴിച്ച കുഴികളാണ് ശരിയായി അടക്കാതെ കിടക്കുന്നത്
ശാസ്താംകോട്ട പടിഞ്ഞാറെ കല്ലടയിൽ പൈപ്പ് ഇടാൻ കുഴിച്ച കുഴികൾ ശരിയായി അടച്ചില്ലെന്ന് പരാതി. പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ല. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുഴിച്ച കുഴികളാണ് ശരിയായി അടക്കാതെ കിടക്കുന്നത്. സംഭവത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രദേശത്തെ ജനങ്ങൾ.
പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ ആദിക്കട്ട് മുക്ക് - വിളന്തറ റോഡിലാണ് ഈ ദുരവസ്ഥ. പൈപ്പ് ഇട്ട സ്ഥലങ്ങളിൽ ആവശ്യത്തിന് മണ്ണിടാത്തത് മൂലം വലിയ കുഴികൾ രൂപപ്പെട്ടു. പലർക്കും സ്വന്തം മുറ്റത്തേക്ക് പോലും വാഹനങ്ങൾ പ്രവേശിപ്പിക്കാൻ കഴിയുന്നില്ല. പൈപ്പ് ഇടാൻ ഇളക്കിയ കോൺക്രീറ്റുകളും സ്ലാബുകളും അതേപടി റോഡിൽ കിടക്കുകയാണ്. അപകടങ്ങളും ഇവിടെ പതിവാണ്. പൊടിശല്യവും രൂക്ഷമാണ്. വീടുകൾക്കും സ്ഥാപനങ്ങൾക്കും അകത്തേക്ക് പൊടി അടിച്ചു കയറുകയാണ്.
പദ്ധതി നിർവഹണത്തിൽ കരാറുകാരൻ ഗുരുതര വീഴ്ച വരുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും പഞ്ചായത്തിന് ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞ് കൈ മലർത്തി എന്നും ആക്ഷേപമുണ്ട്.