ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിയാനാവാതെ പൊലീസ്
നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും പൊലീസിന് കേസിൽ തുമ്പുണ്ടാക്കാനായിട്ടില്ല
കാസർകോട്: കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിൽ പ്രതിയെ തിരിച്ചറിയാനാവാതെ പൊലീസ്. നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും പൊലീസിന് കേസിൽ തുമ്പുണ്ടാക്കാനായിട്ടില്ല.
പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി, നേരത്തേ ലഹരി മരുന്ന് കേസുകളിൽ പ്രതിയായവരെ ചോദ്യം ചെയ്തു, മനോവൈകല്യമുള്ളവരെക്കുറിച്ചും പരിശോധിച്ചു, ജയിൽ മോചിതരായവരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. എന്നിട്ടും, പൊലീസിന് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിലെ പ്രതിയെ തിരിച്ചറിയാനായില്ല.
പെൺകുട്ടിയുടെ വസ്ത്രങ്ങളും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ സംശയം തോന്നിയവരുടെ വസ്ത്രങ്ങളും ശാസ്ത്രീയ പരിശോധനക്കയച്ചിട്ടുണ്ട്. ഇതിൽ നിന്നും തുമ്പു കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. 4 ഡിവൈഎസ് പിമാർ ഉൾപ്പെടെ 26 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 4 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് പ്രതിയെ കുറിച്ച് സൂചന പോലും ലഭിക്കാത്തതിൽ നാട് ആശങ്കയിലാണ്.