സ്കൂൾ മേഖലയിലെ അധ്യാപന രീതിയിൽ സമഗ്രമായ മാറ്റം വേണമെന്ന് പാഠ്യപദ്ധതി ചട്ടക്കൂടിൽ നിർദേശം

അധ്യാപകരിൽ പ്രഫഷണലിസം ഊട്ടിയുറപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും ചട്ടക്കൂട്ടിൽ നിർദ്ദേശമുണ്ട്

Update: 2023-09-22 03:41 GMT
Advertising

തിരുവനന്തപുരം: സ്‌കൂൾ മേഖലയിലെ അധ്യാപന രീതിയിൽ സമഗ്രമായ മാറ്റം വേണമെന്ന് പാഠ്യപദ്ധതി ചട്ടക്കൂടിൽ നിർദേശം. അധ്യാപകരിൽ പരിവർത്തനം നടത്താനുള്ള ശ്രമങ്ങൾ വേണ്ടത്ര വിജയിച്ചില്ല. അധ്യാപകരിൽ പ്രഫഷണലിസം ഊട്ടിയുറപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും ചട്ടക്കൂട്ടിൽ നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമുണ്ടാക്കുന്ന തരത്തിലാണ് പാഠ്യപദ്ധതിയുടെ കരട് ചട്ടക്കൂട് നിർമ്മിച്ചിരിക്കുന്നത്.

വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയരണമെങ്കിൽ അധ്യാപകരുടെ ഇടപെടലുകളിലും മാറ്റം ഉണ്ടാകണമെന്ന് ചട്ടക്കൂടിൽ പറയുന്നു. അധ്യാപകരുടെ അറിവും കഴിവും നിരന്തരമായി വികസിപ്പിച്ചു കൊണ്ടേയിരിക്കണം. അധ്യാപകരുടെ മനോഭാവത്തിൽ വരുത്തേണ്ട മാറ്റമാണ് ഇതിൽ പ്രധാനം. പരമ്പരാഗത രീതിയിൽ പഠിച്ചവരും അധ്യാപനം നടത്തിയവരുമാണ് ഭൂരിഭാഗം പേരും.

ഇത്തരത്തിൽ ജോലി ചെയ്തവരെ പ്രായോഗിക തലത്തിൽ സജ്ജരാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയെങ്കിലും അത് വേണ്ടത്ര ഫലം കണ്ടില്ല. പുതിയ കാലത്തിനനുസരിച്ച് ആവശ്യമായ പരിശീലനം ലഭിക്കാത്ത അധ്യാപകരിൽ ആത്മവിശ്വാസത്തിന്റെ കുറവ് കാര്യമായി കാണുന്നുവെന്നും കരടിൽ പറയുന്നുണ്ട്. അധ്യാപകരുടെ സമീപനം, ഉള്ളടക്കം, പ്രയോഗം എന്നിവ കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടണം. അധ്യാപനം കൂടുതൽ ഫലപ്രദമാക്കാനും ആസ്വാദ്യകരമാക്കാനും സാധിക്കണം. കുട്ടികൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ കണ്ടെത്താനും പരിഹരിക്കാനും പോന്ന തരത്തിൽ സംവിധാനം മെച്ചപ്പെടുത്തണം.

ഇതിനായി അധ്യാപക പ്രൊഫഷണൽ വികസന പരിപാടികൾ സംഘടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ ഇത് ഇത്തരത്തിലാണ് മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്ന കാര്യത്തിൽ ചട്ടക്കൂടിൽ നിർദ്ദേശമില്ല. പകരം പരിപാടിയെ സംബന്ധിച്ച് കൂടുതൽ പഠനവും വ്യക്തതയും വേണമെന്നാണ് കരടിൽ പറയുന്നത്

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News