സ്‌കൂൾ ബസ് വാടകക്ക് എടുത്തതാണ്, അതിൽ തെറ്റില്ല, നിയമപ്രശ്നമുണ്ടെങ്കിൽ പരിശോധിക്കും: എം.വി ഗോവിന്ദൻ

പേരാമ്പ്ര മുതുകാട് പ്ലാന്‍റേഷൻ ഹൈസ്‌കൂളിലെ ബസ്സിലാണ് സി.പി.എം പ്രതിരോധ ജാഥക്കായി ആളുകളെ എത്തിച്ചത്

Update: 2023-02-26 06:43 GMT

എം.വി ഗോവിന്ദന്‍

Advertising

കോഴിക്കോട്: പേരാമ്പ്രയിൽ സി.പി.എം ജാഥക്ക് സ്‌കൂൾ ബസ് ഉപയോഗിച്ചതിൽ നിയമപ്രശ്‌നമുണ്ടെങ്കിൽ പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബസ് വാടകക്ക് എടുത്തതാണ്. അതിൽ തെറ്റില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് എം.വി ഗോവിന്ദൻ നയിക്കുന്ന സി.പി.എം പ്രതിരോധ ജാഥക്ക് സ്‌കൂൾ ബസ്സിൽ ആളുകളെ എത്തിച്ചത്.

പേരാമ്പ്ര മുതുകാട് പ്ലാന്റേഷൻ ഹൈസ്‌കൂളിലെ ബസ്സാണ് ഇതിനായി ഉപയോഗിച്ചത്. ഇത് ഏറെ വിവാദമായിരുന്നു. ബസ് വാടക്കെടുത്തതാണ് എന്നായിരുന്നു എം.ലി ഗാവിന്ദൻ ആദ്യം പറഞ്ഞത്. എന്നാൽ ഇത്തരത്തിൽ സ്‌കൂൾ ബസ്സുകൾ വാടകക്ക് നൽകുന്നതിന് നിയമപരമായ പ്രശ്‌നങ്ങളുണ്ട്. ഇത് ചൂണ്ടിക്കാണിച്ചപ്പോൾ അങ്ങനെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് പരിശോധിക്കാമെന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്.



സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ യാത്ര ഫെബ്രുവരി 20 ന് കാസർകോട് നിന്നാണ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ജാഥ 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകും. മാർച്ച് 18നു തിരുവനന്തപുരത്താണ് ജാഥ സമാപിക്കുക.

സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി ഗോവിന്ദൻ നയിക്കുന്ന ആദ്യത്തെ പ്രചാരണ യാത്രയാണ് ജനകീയ പ്രതിരോധ ജാഥ. കേന്ദ്ര സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണമാണ് ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ നടത്തിയ ഗൃഹസന്ദർശന പരിപാടിക്കു ശേഷമാണ് സി.പി.എം ജാഥയ്ക്ക് ഒരുങ്ങുന്നത്. ഇന്ധന സെസ് വർധനവ് ഉൾപ്പെടെ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾക്കുള്ള മറുപടിയും യാത്രയിലൂടെ പാർട്ടി ലക്ഷ്യമിടുന്നുണ്ട്‌



Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News