'ആകാശം മേൽക്കൂരയായവർക്ക് സ്‌നേഹത്തിന്‍റെ കൂടൊരുക്കാം'; 1000 വീടുകൾ പൂർത്തിയാക്കി പീപ്പിൾസ് ഫൗണ്ടേഷൻ
2016 ലാണ് പീപ്പിൾസ് ഫൗണ്ടേഷൻ നിർധനർക്ക് വീടൊരുക്കാനുള്ള പീപ്പിൾസ് ഹോം പദ്ധതിക്ക് തുടക്കം കുറിച്ചത്
മലപ്പുറം: ജനകീയ ഭവന പദ്ധതിയിലൂടെ ആയിരം വീടുകൾ പൂർത്തിയാക്കിയ മികവുമായി. അടുത്ത 500 വീടുകളുടെ നിർമാണ പദ്ധതി ഇന്ന് പ്രഖ്യാപിക്കും. 2016 ലാണ് പീപ്പിൾസ് ഫൗണ്ടേഷൻ നിർധനർക്ക് വീടൊരുക്കാനുള്ള പീപ്പിൾസ് ഹോം പദ്ധതിക്ക് തുടക്കം കുറിച്ചത്. ആകാശം മേൽക്കൂരയായവർക്ക് സ്‌നേഹത്തിൻറെ കൂടൊരുക്കാം എന്ന തലക്കെട്ടിലാണ് 2016 ൽ പീപ്പിൾസ് ഫൗണ്ടേഷൻ ഭവന നിർമാണ പദ്ധതിക്ക് തുടക്കം കുറിച്ചത്.
1500 നിർധനർക്ക് സുരക്ഷിതമായി കഴിയാനുള്ള വീടുകൾ ഒരുക്കി നൽകാൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ആയിരം വീടുകളുടെ നിർമാണം ഇതിനോടകം പൂർത്തിയാക്കി. വിധവകൾ, അനാഥർ, രോഗ അവശത അനുഭവിക്കുന്നവർ, തുടങ്ങി വിവിധ തുറകളിലുള്ളവരാണ് പീപ്പിൾസ് ഫൗണ്ടേഷൻ ഭവന നിർമാണ പദ്ധതിയിലെ ഇത് വരെയുള്ള ഗുണഭോക്താക്കൾ. പദ്ധതിയിലൂടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി 35 ഓളം പീപ്പിൾസ് വില്ലേജുകൾ പൂർത്തിയായി.
വീടുകളോടനുബന്ധിച്ച് അടിസ്ഥാന സൗകര്യങ്ങളുമുൾക്കൊള്ളുന്നതാണ് പീപ്പിൾസ് വില്ലേജുകൾ. പ്രഖ്യാപന ലക്ഷ്യത്തിലേക്കുള്ള അടുത്ത അഞ്ഞൂറ് വീടുകളുടെ നിർമാണ പദ്ധതി മലപ്പുറം പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെൻററിൽ ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും. പീപ്പിൾസ് ഫൗണ്ടേഷൻറെ പത്താം വാർഷികത്തിൻറെ കൂടി ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങ് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റൻറ് അമീർ പി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും. പീപ്പീൾസ് ഫൗണ്ടേഷൻ ചെയർമാൻ എം മുഹമ്മദലി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ എംഎൽഎമാരുൾപ്പെടെ ജനപ്രതിനിധികളും, സാമുഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.