സംസ്ഥാനത്തിന്‍റെ കടുത്ത സാമ്പത്തിക പ്രതിസന്ധി സര്‍ക്കാര്‍ കരാറുകാരെ വട്ടം കറക്കുന്നു
കരാര്‍ പ്രകാരമുള്ള പണി തീര്‍ത്ത് വര്‍ഷം ഒന്ന് കഴിഞ്ഞവര്‍ക്ക് പോലും പണം കിട്ടുന്നി
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ കടുത്ത സാമ്പത്തിക പ്രതിസന്ധി സര്‍ക്കാര്‍ കരാറുകാരെ വട്ടം കറക്കുന്നു. കരാര്‍ പ്രകാരമുള്ള പണി തീര്‍ത്ത് വര്‍ഷം ഒന്ന് കഴിഞ്ഞവര്‍ക്ക് പോലും പണം കിട്ടുന്നില്ല. സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലാത്തത് തന്നെയാണ് പ്രശ്നമെന്ന് ധനവകുപ്പും സമ്മതിക്കുന്നു.
പൊതുമരാമത്ത് വകുപ്പില്‍ നിന്നും കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണം പാസായി കിട്ടിയിട്ട് ഒരു വര്‍ഷം കഴിയുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിലും ജലസേചനത്തിലും കാശ് കിട്ടാതായിട്ട് ആറ് മാസം പിന്നിടുന്നു ഇങ്ങനെ സംസ്ഥാനത്ത് ആകെയുള്ള 15000ത്തിലധികം കോണ്‍ട്രാക്ടര്‍മാര്‍ക്ക് കുടിശിക തുകയായി സര്‍ക്കാര്‍ നല്‍കേണ്ടത് 6000 കോടി രൂപ. അതില്‍ കൂടുതല്‍ പണവും മുടങ്ങിക്കിടക്കുന്നത് റോഡുകളും പാലങ്ങളും പണിഞ്ഞ വകയില്‍ പൊതുമരാമത്ത് വകുപ്പിലാണ്. വകുപ്പുകൾ തോറും കയറി ഇറങ്ങിയ കരാറുകാർക്ക് ലഭിക്കുന്നത് സാമ്പത്തിക പ്രതിസന്ധി എന്ന മറുപടി.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ടെൻഡർ തുക കാലാനുസൃതമായി വർധിപ്പിക്കാത്തത് ബാധ്യതയുടെ ആക്കം കൂട്ടുന്നു എന്നും കരാറുകാർ പറയുന്നു. അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺട്രാക്ടർമാർ ബന്ധപ്പെട്ട ചീഫ് എൻജിനീയർമാർക്ക് നിവേദനം നൽകി. ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രവൃത്തികൾ നിർത്തിവെച്ചുള്ള സമരത്തിലേക്ക് കടക്കാനാണ് ഇവരുടെ തീരുമാനം.