കോവിഡ് വ്യാപനം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘത്തിന്റെ സന്ദർശനം തുടങ്ങി
സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും പ്രതീക്ഷിച്ച കുറവുണ്ടായിട്ടില്ല
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയുന്നില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ തുടരുകയാണ്. അതേസമയം കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം സംസ്ഥാനത്തെത്തി. ഇന്ന് തിരുവനന്തപുരം ജില്ലയിൽ സംഘം സന്ദർശനം നടത്തും.
സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും പ്രതീക്ഷിച്ച കുറവുണ്ടായിട്ടില്ല. രണ്ടു മാസത്തിനിടെ മൂന്ന് ദിവസം മാത്രമാണ് ടി.പി.ആർ 10 ന് താഴെയെത്തിയത്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ടി പി ആർ 10.21 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിലാണ്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താൻ കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തിയത്.
ഡോ. രുചി ജെയിൻ, ഡോ വിനോദ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ന് തിരുവനന്തപുരം ജില്ലയിൽ സന്ദർശനം നടത്തുന്ന സംഘം ജില്ലാ കലക്ടറുമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ജനറൽ ആശുപത്രിയിലെയും മെഡിക്കൽ കോളജിലെയും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തും. നാളെ കൊല്ലത്തും മറ്റന്നാൾ പത്തനംതിട്ടയിലും കേന്ദ്ര സംഘം സന്ദർശനം നടത്തും.