നടൻ ജോജു ജോർജിനെ ആക്രമിച്ച കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും
മുൻ മേയർ ടോണി ചമ്മിണിയെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിൽ എട്ട് പ്രതികളാണ് ഉള്ളത്
ഇന്ധനവില വർധനക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനിടെ നടൻ ജോജു ജോർജിനെ ആക്രമിച്ച കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. മുൻ മേയർ ടോണി ചമ്മിണിയെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിൽ എട്ട് പ്രതികളാണ് ഉള്ളത്. ഐ.എൻ.ടി.യു.സി നേതാവ് ജോസഫിനെ കഴിഞ്ഞ ദിവസം മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.
സംഭവത്തില്‍ കഴിഞ്ഞ ദിവസം 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാം പ്രതി . വി.ജെ പൗലോസ് , കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ രണ്ടും മൂന്നും പ്രതികളാണ് . അനുമതിയില്ലാതെ റോഡ് ഉപരോധിച്ചെന്നാണ് എഫ്.ഐ.ആർ. കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് സമരം ഉദ്‌ഘാടനം ചെയ്തത്. സമരത്തിന് അനുമതി നൽകിയിരുന്നില്ലായെന്ന് ഇന്നലെ തന്നെ ഡി.സി.പി വ്യക്തമാക്കിയിരുന്നു. ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് ഇന്നലെ കോൺഗ്രസ് നടത്തിയ സമരവുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് ഇതുവരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.