സ്ത്രീകളുടെ സ്‌കൂട്ടര്‍ മാത്രം പൊക്കുന്ന കള്ളന്‍ പിടിയില്‍

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി ഏകദേശം അന്‍പതോളം സ്‌കൂട്ടറുകള്‍ പ്രതി ഈ രീതിയില്‍ മോഷ്ടിച്ചതായി പോലിസ് പറഞ്ഞു.

Update: 2021-10-02 12:26 GMT
Advertising

സ്ത്രീകളുടെ സ്‌കൂട്ടര്‍ മാത്രം തിരഞ്ഞ് പിടിച്ച് മോഷ്ടിക്കുന്ന കള്ളന്‍ കോഴിക്കോട്ട് പിടിയില്‍. കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ഷനീദ് അറഫാത്താണ് ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് സ്‌കൂട്ടര്‍ മോഷ്ടിക്കുന്നതാണ് പ്രതിയുടെ രീതി. ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന സ്ത്രീകള്‍ സ്‌കൂട്ടറില്‍ നിന്ന് സാധനങ്ങള്‍ എടുത്തുവയ്ക്കുന്ന സമയത്തിനുള്ളില്‍ സ്‌കൂട്ടറുമായി കടന്നുകളയും. മോഷ്ടിക്കുന്ന സ്‌കൂട്ടറുകളില്‍ തന്നെ ചാവിയും ഒര്‍ജിനല്‍ രേഖകള്‍ ഉളളതും ഇത്തരം സ്‌കൂട്ടറുകള്‍ മോഷ്ടിക്കാന്‍ പ്രതിക്ക് പ്രേരണയായി.

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി ഏകദേശം അന്‍പതോളം സ്‌കൂട്ടറുകള്‍ പ്രതി ഈ രീതിയില്‍ മോഷ്ടിച്ചതായി പോലിസ് പറഞ്ഞു. മോഷ്ടിച്ച സ്‌കൂട്ടറുകളെല്ലാം വിവിധ സ്ഥലങ്ങളില്‍ കിട്ടുന്ന വിലക്ക് പണയം വയ്ക്കുന്നതാണ് ഇയാളുടെ രീതി. ചീട്ട് കളിക്കാന്‍ പണം കണ്ടെത്താനാണ് സ്‌കൂട്ടര്‍ മോഷണമെന്നും പ്രതി പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ചീട്ടുകളി സംഘങ്ങള്‍ക്കിടയില്‍ 'കരുവട്ടൂരാന്‍' എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. 11 സ്‌കൂട്ടറുകള്‍ പോലിസ് കണ്ടെടുത്തിട്ടുണ്ട്. മറ്റുള്ള വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ കെ. സുദര്‍ശന്‍ പറഞ്ഞു.

സമീപകാലത്ത് കോഴിക്കോട് സിറ്റിയിലും പരിസര പ്രദേശങ്ങളിലും സ്ത്രീകളുടെ സ്‌കൂട്ടറും സൈക്കിളുകളു കളവ് പോകുന്നതായി പൊലീസിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - അലി കൂട്ടായി

contributor

Similar News