'നിർഭയമായി പൊതുപ്രവർത്തനം തുടരും': വധഭീഷണിയില്‍ തിരുവഞ്ചൂരിന്‍റെ മൊഴി രേഖപ്പെടുത്തി
10 ദിവസത്തിനകം രാജ്യം വിട്ടില്ലെങ്കിൽ കുടുംബത്തെ അടക്കം വകവരുത്തുമെന്ന കത്തയച്ചത് ടി പി കേസിലെ പ്രതികൾ ആകാമെന്ന് തിരുവഞ്ചൂർ
ഭീഷണിക്കത്ത് ലഭിച്ചെന്ന പരാതിയിൽ പൊലീസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മൊഴിയെടുത്തു. കോട്ടയം വെസ്റ്റ് പൊലീസാണ് തിരുവഞ്ചൂരിന്‍റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. ഭീഷണിയെ ഗൗരവമായാണ് കാണുന്നതെങ്കിലും നിർഭയമായി പൊതുപ്രവർത്തനം തുടരുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ലോ ആന്റ് ഓർഡർ എഡിജിപിയുടെ നിർദേശത്തെ തുടർന്നാണ് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കോട്ടയം വെസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ വീട്ടിൽ നേരിട്ട് എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. 10 ദിവസത്തിനകം രാജ്യം വിട്ടില്ലെങ്കിൽ കുടുംബത്തെ അടക്കം വകവരുത്തുമെന്ന് കത്തിൽ പറഞ്ഞിരിക്കുന്നത് ടി പി കേസിലെ പ്രതികൾ തന്നെ ആകാമെന്ന സംശയവും തിരുവഞ്ചൂർ പങ്കുവെച്ചിട്ടുണ്ട്.
കോട്ടയം ജില്ലയുടെ ചുമതലയുള്ള ആലപ്പുഴ എസ് പി ജയദേവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. കത്തുവന്ന കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് നീക്കം. കത്ത് ലഭിച്ച ഉടൻ തന്നെ മുഖ്യമന്ത്രിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ പരാതി നൽകിയിരുന്നു. കത്തിന്റെ ഒറിജിനലും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സംഭവം നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തന്നെയാണ് തിരുവഞ്ചൂരിന്‍റെ തീരുമാനം.
ജയിലിലുള്ള ക്രിമിനലുകളായിരിക്കും കത്തയച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തിരുവഞ്ചൂരിനോട് വിരോധമുള്ളത് ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിലായ പ്രതികള്‍ക്കാണ്. അതിനാൽ അവരായിരിക്കും കത്തയച്ചത്. തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഒളിവിലായിരുന്ന ടി.പി വധക്കേസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ജയിൽ നിയന്ത്രിക്കുന്നത് ടി പി ചന്ദ്രശേഖരൻ കേസിലെ പ്രതികളാണ്. കേരളത്തിലെ മുൻ ആഭ്യന്തര വകുപ്പ് മന്ത്രിക്കെതിരെ വരെ കത്തയ്ക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയെന്നും സംസ്ഥാനത്ത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.