കെ.സി.എമ്മിന് മുഖ്യമന്ത്രിയോട് സലാം പറയാം, അല്ലെങ്കില്‍ ആത്മാഭിമാനം പണയം വെച്ച് അധികാരം പങ്കിടാം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
തീരുമാനമെടുക്കേണ്ടത് ജോസ്.കെ മാണിയാണെന്നും ആ തീരുമാനം നിര്‍ണായകമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കെ.എം മാണി അഴിമതിക്കാരനാണെന്ന് എൽ.ഡി.എഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എൽ.ഡി.എഫിൽ നിന്ന് പുറത്ത് പോകണമോ വേണ്ടയോ എന്നത് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ (കെ.സി.എം) നിർണായക തീരുമാനമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
'മാനാഭിമാനത്തോടു കൂടി പോകുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയ്ക്ക് ഒരു പേപ്പറിൽ രണ്ടക്ഷരം എഴുതിക്കൊടുത്ത് മുഖ്യമന്ത്രിയോട് സലാം പറയുക അല്ലെങ്കില്‍ മാണി സാര്‍ അഴിമതിക്കാരനാണെന്ന സത്യവാങ്മൂലം അംഗീകരിച്ച് ആത്മാഭിമാനം പണയം വെച്ച് അധികാരം പങ്കിടുക,' എന്നാണ് തിരുവഞ്ചൂരിന്‍റെ പരാമര്‍ശം. തീരുമാനമെടുക്കേണ്ടത് ജോസ്.കെ മാണിയാണെന്നും ആ തീരുമാനം നിര്‍ണായകമാണെന്നും അതിനുള്ള ധാര്‍മ്മികമായ ഉയര്‍ച്ച അദ്ദേഹം കാണിക്കുമോ എന്നതാണ് കേരള ജനത ഉറ്റുനോക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അതേസമയം, വിഷയത്തില്‍ കേരള കോൺഗ്രസിന്‍റെ നിലപാട് ഇന്നലെ തന്നെ മുന്നണിയെ അറിയിച്ചതാണെന്നും കൂടുതൽ കാര്യങ്ങൾ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം വിശദമാക്കുമെന്നുമാണ് ജോസ് കെ. മാണിയുടെ പ്രതികരണം. സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം നിരുത്തരവാദപരമാണെന്നും പരാമര്‍ശം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകനോട് വിശദീകരണം തേടണമെന്നുമാണ് കേരള കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ആവശ്യം.
സുപ്രിംകോടതിയിലെ പരാമർശത്തിൽ കെ.എം മാണിയുടെ പേരില്ലെന്നും കോടതി കാര്യങ്ങളെ മാധ്യമങ്ങൾ തെറ്റായി വ്യഖ്യാനിച്ചതാണെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചത്. യു.ഡി.എഫിനെതിരായ അഴിമതിക്കെതിരെയാണ് എല്ലാ സമരങ്ങളും നടത്തിയത്. ആശയക്കുഴപ്പം ഉണ്ടാക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു. മുന്നണിയിലെ പ്രധാന കക്ഷിയാണ് കേരള കോൺഗ്രസ് എമ്മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.