ബിജുവിൻ്റെ നീക്കങ്ങൾ നിരീക്ഷിച്ച് മൂന്ന് ദിവസത്തെ ആസൂത്രണം; മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്
ബിജുവിനെ തട്ടിക്കൊണ്ടുപോയ ഇടത്തും മൃതദേഹം കുഴിച്ചിട്ട കലയന്താനിയിലെ കാറ്ററിംഗ് ഗോഡൗണിലും തെളിവെടുപ്പ് നടത്തി


ഇടുക്കി: ഇടുക്കി തൊടുപുഴയിൽ ബിസിനസ് പങ്കാളിയും ക്വട്ടേഷൻ സംഘവും ചേർന്ന് കൊലപ്പെടുത്തിയ ബിജുവിന്റെ മരണകാരണം തലക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൃത്യം നടന്നയിടങ്ങളിൽ പ്രതികളെയെത്തിച്ച് പൊലീസ് തെളിവെടുപ്പും നടത്തി.
ഇടുക്കി മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബിജുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. ബിജുവിൻ്റെ നീക്കങ്ങൾ നിരീക്ഷിച്ച് മൂന്ന് ദിവസത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതികൾ കൊലപാതകം നടത്തിയത്.
19 ന് രാത്രി ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പാളിയതോടെ പിറ്റേന്നാണ് കൃത്യം നടപ്പാക്കിയത്. ബിജുവിൻ്റെ തലക്കേറ്റ ക്ഷതവും അന്തരിക രക്തസ്രാവവും മരണകാരണമായെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ബിജുവിനെ തട്ടിക്കൊണ്ടുപോയ ഇടത്തും മൃതദേഹം കുഴിച്ചിട്ട കലയന്താനിയിലെ കാറ്ററിംഗ് ഗോഡൗണിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
മുഹമ്മദ് അസ്‍ലം, ജോമിൻ എന്നിവരുമായാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. തട്ടിക്കൊണ്ടുപോയ ഇടത്ത് നിന്ന് ബിജുവിൻ്റെ ചെരിപ്പും പെപ്പർ സ്പ്രേയും ഗോഡൗണിൽ നിന്ന് മൃതദേഹം മറവ് ചെയ്യാനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.
കേസിലെ ഒന്നാം പ്രതി ജോമോനെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഇയാൾക്കായി അടുത്ത ദിവസം പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. സാമ്പത്തിക പ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിലുണ്ടാക്കിയ കരാർ പാലിക്കാത്തതോടെ ക്വട്ടേഷൻ സഹായം തേടിയെന്നാണ് ജോമോൻ്റെ മൊഴി. കരാറിൻ്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
കൊലപാതകത്തിന് ശേഷം കാപ്പ കേസിൽ റിമാൻ്റിലായ മറ്റൊരു പ്രതി ആഷിഖിനെ അടുത്ത ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നാളെയാകും ബിജുവിൻ്റെ സംസ്കാര ചടങ്ങുകൾ നടക്കുക.