'തെറിപ്പാട്ട് പാടിയാണ് അന്ന് 'തൊപ്പി' ആളുകളെ അഭിസംബോധന ചെയ്തത്, എന്നിട്ടും ന്യായീകരിക്കുന്നവരുണ്ട്'- പരാതിക്കാരന്റെ പ്രതികരണം
''തൊപ്പിയുടെ ആരാധകർ ഭൂരിപക്ഷവും കുട്ടികളാണ്. ഇന്ന് തൊപ്പിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുന്നത് അവരായിരിക്കും''
മലപ്പുറം: വിവാദ യൂട്യൂബർ 'തൊപ്പി' എന്ന നിഹാദിനെ ഉദ്ഘാടനത്തിന് കൊണ്ടുവന്നത് തന്നെ സമൂഹത്തിന് നൽകുന്ന തെറ്റായ സന്ദേശമാണെന്ന് പരാതിക്കാരനായ എഐവൈഎഫ് മലപ്പുറം ജില്ലാ ഭാരവാഹി മുർഷിദുൽ ഹഖ്. തെറിപ്പാട്ട് പാടിയാണ് അന്ന് തൊപ്പി ആളുകളെ അഭിസംബോധന ചെയ്തത്. ബാല്യകാലത്ത് തൊപ്പി അനുഭവിച്ച തിക്താനുഭവങ്ങൾ കാരണമാണ് അദ്ദേഹം സോഷ്യൽമീഡിയയില്‍ തെറി പ്രയോഗങ്ങൾ നടത്തുന്നത് എന്ന് ന്യായീകരിക്കുന്നവർ ഉണ്ട്. അത്തരത്തിൽ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങൾ ഉള്ളയാളാണ് തൊപ്പി എങ്കിൽ അതിനുള്ള ചികിത്സ കേരളത്തിൽ ഉണ്ട്. അത്തരം ചികിത്സയ്ക്ക് വിധേയമാക്കുകയാണ് വേണ്ടത്. അല്ലാതെ പൊതു പ്ലാറ്റ്‌ഫോമിൽ വന്ന് കേരളത്തിന്റെ സാംസ്‌കാരിക തനിമയേയും നിയമത്തേയും വെല്ലുവിളിക്കുകയല്ല വേണ്ടതെന്ന് മുർഷിദുൽ ഹഖ് പറഞ്ഞു.
തൊപ്പിയുടെ ആരാധകർ ഭൂരിപക്ഷവും കുട്ടികളാണ്. ഇന്ന് തൊപ്പിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുന്നത് അവരായിരിക്കും. അവർ നാളെ സമൂഹത്തിന് ദോഷം ചെയ്യുന്ന മക്കളായി മാറും. അത്തരം സാഹചര്യങ്ങൾക്ക് കടിഞ്ഞാൺ ഇടാനാണ് ഇങ്ങനെയൊരു നിയമപോരാട്ടത്തിനായി ഇറങ്ങിത്തിരിച്ചതെന്നും മുർഷിദുൽ ഹഖ് കൂട്ടിച്ചേർത്തു.
എറണാകുളത്തെ സുഹൃത്തിൻറെ ഫ്‌ളാറ്റിൽ നിന്നാണ് വളാഞ്ചേരി പൊലീസ് നിഹാദിനെ കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിനിടെ അശ്ലീല പരാമർശം നടത്തിയതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് കേസെടുത്തത്.
കസ്റ്റഡിയിലെടുക്കാനായി വളാഞ്ചേരി പൊലീസ് എറണാകുളത്തെ ഫ്‌ളാറ്റിൽ എത്തിയപ്പോൾ നിഹാദ് വാതിൽ ഉള്ളിൽ നിന്ന് പൂട്ടി. പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ നിഹാദ് ലൈവ് വീഡിയോ പങ്കുവെക്കുകയും ചെയ്തു. വാതിൽ പൊളിച്ച് പൊലീസ് അകത്തു കടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒരു മണിക്കൂറോളം പൊലീസ് വാതിലിന് പുറത്തുനിന്നു. പൊലീസ് ആണ് പുറത്ത് എന്ന് അറിഞ്ഞിട്ടും ഇയാൾ വാതിൽ തുറന്നില്ല. ലാപ്‌ടോപ്പിൽ ഉള്ള തെളിവുകൾ നശിപ്പിക്കുന്നതിനുള്ള ശ്രമം ആയിട്ടാണ് പൊലീസ് അതിനെ കണ്ടത്. തുടർന്നാണ് വാതിൽ പൊളിച്ചതെന്നാണ് പൊലീസിന്‍റെ വിശദീകരണം .
വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ തൊപ്പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രോഗ്രാമുണ്ടെന്നും ഒരാഴ്ച കഴിഞ്ഞേ ഹാജരാകാനാകൂ എന്നാണ് നിഹാദ് മറുപടി നൽകിയത് എന്നും പൊലീസ് പറഞ്ഞു. ഇതോടെയാണ് എറണാകുളത്ത് പോയി കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചത്. പിടിച്ചെടുത്ത ലാപ്‌ടോപ്പും മൊബൈൽ ഫോണും സൈബർ പൊലീസിന്റെ സഹായത്തോടെ വിശദമായി പരിശോധിച്ചു . വളാഞ്ചേരി പൊലീസ് തൊപ്പിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും കണ്ണൂർ ജില്ലയിൽ ഇയാൾക്കെതിരെ ഐടി വകുപ്പ് പ്രകാരം കേസുണ്ട്എന്ന് പൊലീസ് പറഞ്ഞു . ഈ കേസിലും തുടർനടപടികൾ സ്വീകരിക്കും.
വളാഞ്ചേരിയിലെ ഷോപ്പ് ഉദ്ഘാടനത്തിന് കഴിഞ്ഞ പതിനേഴാം തീയതിയാണ് നിഹാദ് വളാഞ്ചേരിയിൽ എത്തിയത് . ഇവിടെവെച്ച് അശ്ലീല പദപ്രയോഗമുള്ള പാട്ട് പൊതുവേദിയിൽ പാടി ഗതാഗത തടസ്സം ഉണ്ടാക്കി എന്ന പരാതിയിലാണ് കേസ് എടുത്തത്.