വധ ഭീഷണി; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് കത്ത് നൽകി
പത്തു ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നായിരുന്നു തിരുവഞ്ചൂരിന ലഭിച്ച ഭീഷണി കത്തിന്‍റെ ഉള്ളടക്കം.
കത്തിലൂടെ വധ ഭീഷണി ലഭിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി. പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. പത്തു ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നായിരുന്നു തിരുവഞ്ചൂരിന് ലഭിച്ച ഭീഷണി കത്തിന്‍റെ ഉള്ളടക്കം.2021 ജൂണിലാണ് തിരുവഞ്ചൂരിന് കത്ത് ലഭിക്കുന്നത്. ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിന്‍റെ പ്രതികാരമാണ് ഇതിനുപിന്നിലെന്നും കത്തിൽ പറയുന്നുണ്ട്. കോഴിക്കോട് നിന്നുമാണ് കത്ത് പോസ്റ്റ് ചെയ്തിരുന്നത്. അന്ന് തന്നെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാണിതെന്നായിരുന്നു തിരുവഞ്ചൂർ അന്ന് പ്രതികരിച്ചത്. അദ്ദേഹത്തിനോട് വിരോധമുള്ള ജയിലിലുള്ള ക്രിമിനലുകളായിരിക്കും കത്തയച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. തിരുവഞ്ചൂരിനോട് വിരോധമുള്ളത് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിലായ പ്രതികള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഒളിവിലായിരുന്ന ടി.പി. വധക്കേസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ജയിൽ നിയന്ത്രിക്കുന്നത് ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികളാണെന്നും അതിനാൽ ഇത്തരത്തിലുള്ള കത്തിന് പിറകിൽ അവരാണെന്ന് തങ്ങൾ ബലമായി സംശയിക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു.