കൊല്ലത്ത് മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ മൂന്ന് പേർ അറസ്റ്റിൽ
പഞ്ചായത്ത് മെമ്പർമാർ ഉൾപ്പടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്
കൊല്ലം: തെന്മലയിൽ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പെരുമ്പുഴ സ്വദേശി ശ്യാം എസ്, മൈനാഗപ്പള്ളി സ്വദേശി അഖിലാസ്, ശൂരനാട് സ്വദേശി രാഹുൽ രവി എന്നിവരാണ് അറസ്റ്റിലായത്. തെന്മല,ആര്യങ്കാവ് ഗ്രാമ പഞ്ചായത്തുകൾ കേന്ദ്രികരിച്ചാണ് മൂന്നംഗ സംഘം മൈക്രോ ഫിനാൻസ് തട്ടിപ്പ് നടത്തിയത്.
സെപ്റ്റംബർ 5 ന് ഉറുകുന്നിൽ 24 പേരുടെ സംഘം രൂപികരിച്ച് ഒരാളിൽ നിന്നും 2300 രൂപ വീതം വാങ്ങി. നാൽപതിനായിരം രൂപ വായ്പ ലഭിക്കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ദിവസങ്ങൾ കഴിഞ്ഞിട്ടും വായ്പ കിട്ടാതായപ്പോൾ പണം നൽകിയവർ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ സ്വിച്ച്ഓഫ് ആയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പഞ്ചായത്ത് മെമ്പർമാർ ഉൾപ്പടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ജില്ലയിൽ സാമ്പത്തിക തട്ടിപ്പ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
Three persons arrested in Kollam microfinance fraud case