തൃക്കാക്കര തോൽവി: സി.പി.എം റിപ്പോർട്ടിൽ ഇ.പി ജയരാജന് വിമർശനം

പി.വി ശ്രീനിജൻ എം.എൽ.എയെ സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് നീക്കാനും സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.

Update: 2023-06-15 14:59 GMT
Advertising

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ തോൽവി അന്വേഷിച്ച സി.പി.എം റിപ്പോർട്ടിൽ ഇ.പി ജയരാജന് വിമർശനം. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജയരാജൻ പ്രവർത്തനങ്ങളോട് സഹകരിച്ചില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. എ.കെ ബാലനും ടി.പി രാമകൃഷ്ണനും അംഗങ്ങളായ അന്വേഷണ കമ്മീഷൻ റിപ്പോർട്ടാണ് ജില്ലാ കമ്മിറ്റി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് അംഗീകരിച്ചത്.

ആദ്യം ഒരു സ്ഥാനാർഥിയുടെ പേരിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് അത് മാറ്റി മറ്റൊരു സ്ഥാനാർഥിയെ നിശ്ചയിക്കേണ്ടിവന്നു. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കി. ഇത്തരം നടപടികൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വൈദികരുടെ സാന്നിധ്യത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും ജില്ലാ-സംസ്ഥാന നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർക്കെതിരെയും നടപടിയുണ്ടാകില്ല.

അരക്കോടിയുടെ മിനി കൂപ്പർ വാങ്ങി വിവാദത്തിലായ സി.ഐ.ടി.യു നേതാവ് പി.കെ അനിൽകുമാറിനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പാർട്ടി അംഗത്വത്തിൽനിന്നും നീക്കും. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം സെക്രട്ടറി എം.വി ഗോവിന്ദൻ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു.

സി.ഐ.ടി.യുവിന് കീഴിലുള്ള പെട്രോളിയം ആന്റ് ഗ്യാസ് വർക്കേഴ്‌സ് യൂണിയന്റെ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് സി.എൻ മോഹനൻ ഒഴിയും. ജില്ലാ സെക്രട്ടറിയുടെ ചുമതല കൂടിയുള്ളത് പരിഗണിച്ചാണ് തീരുമാനം.

പി.വി ശ്രീനിജൻ എം.എൽ.എയെ സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് നീക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. എം.എൽ.എ സ്ഥാനവും സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷ സ്ഥാനവും ഒരുമിച്ച് വഹിക്കേണ്ടെന്നാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ട്രയൽസ് തടസ്സപ്പെടുത്തിയ ശ്രീനിജന്റെ നടപടിയാണ് തീരുമാനത്തിന് കാരണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News