തൃക്കാക്കരയിൽ ഉമ തോമസ് യു.ഡി.എഫ് സ്ഥാനാർഥി
ഒറ്റപ്പേരിൽ ധാരണയായെന്ന് കെ സുധാകരൻ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം: തൃക്കാക്കരയില്‍ ഉമ തോമസ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ടോടെയുണ്ടാകും. ഒറ്റപ്പേരില്‍ ധാരണയായെന്നും തീരുമാനം ഹൈക്കമാന്‍റിനെ അറിയിച്ചെന്നും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയ്ക്ക് ശേഷം കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. പി.ടി തോമസിനേക്കാൾ ഭൂരിപക്ഷത്തിൽ തൃക്കാക്കരയിൽ നിന്ന് ഉമ തോമസ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കി. നാളെ മുതല്‍ തന്നെ യു.ഡി.എഫിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമാകും.
പി.ടി തോമസിന്‍റെ ഭാര്യ ഉമ തോമസിന്‍റെ പേരു തന്നെയാണ് ആദ്യഘട്ടം മുതല്‍ തൃക്കാക്കര മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയായി യു.ഡി.എഫ് ക്യാമ്പില്‍ നിന്നുയര്‍ന്നത്. കെ.എസ്.യുവിലൂടെയാണ് ഉമ തോമസ് പൊതുരംഗത്തേക്ക് വരുന്നത്. 1984ല്‍ മഹാരാജാസ് കോളജിലെ വൈസ് ചെയര്‍പേഴ്സണായിരുന്നു. സഹതാപതരംഗം മണ്ഡലത്തിൽ വോട്ടായി മാറുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടിയുടെ നീക്കം.
എന്നാല്‍, ഇക്കാര്യത്തില്‍ ചില ഭിന്നതകള്‍ ഉയര്‍ന്നിരുന്നു. സഹതാപതരംഗം മണ്ഡലത്തിൽ വിലപ്പോവില്ലെന്നാണ് മുതിര്‍ന്ന നേതാവ് ഡൊമനിക് പ്രസന്‍റേഷന്‍ ചൂണ്ടിക്കാട്ടിയത്. സാമൂഹ്യ സാഹചര്യങ്ങൾ പരിഗണിച്ചായിരിക്കണം സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും അദ്ദേഹം വ്യക്തമാക്കി.