തൃശൂർ പൂരം: നിയന്ത്രണങ്ങളിൽ തീരുമാനം ഇന്നുണ്ടായേക്കും, കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വേണമെന്ന് ദേവസ്വങ്ങൾ
തൃശൂർ പൂരത്തിന്റെ ഘടകക്ഷേത്രങ്ങൾ ഉൾപ്പെടുന്ന കണിമംഗലം കാരമുക്ക് പ്രദേശങ്ങൾ കണ്ടയിൻമെന്റ് സോണിലാണ്
തൃശൂർ പൂരവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് ഇന്നറിയാം. ചീഫ് സെക്രട്ടറി ഇന്ന് ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്തും. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം. കോവിഡ് മാനദണ്ഡങ്ങൾക്ക് പ്രഥമ പരിഗണന നൽകി കൊണ്ട് പൂരം നടത്താനാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം. തൃശൂർ കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകൾ കൂടി ക്രിട്ടിക്കൽ കണ്ടയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
പൂരത്തിന് ഇളവുകൾ വേണമെന്നാണ് തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യം. പാപ്പാന്മാർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് വേണെന്ന വ്യവസ്ഥയിൽ ഇളവ് വേണമെന്ന് ദേവസ്വം പ്രതിനിധികൾ കലക്ടർ വിളിച്ച യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
രണ്ട് ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കിയത് പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഘടക ക്ഷേത്രങ്ങൾ കണ്ടെയ്ൻമെന്‍റ് സോണിൽ ഉൾപ്പെടുകയാണെങ്കിൽ ഇളവു നൽകണമെന്ന ആവശ്യവും ഉയർന്നു. തൃശൂർ പൂരത്തിന്റെ ഘടകക്ഷേത്രങ്ങൾ ഉൾപ്പെടുന്ന കണിമംഗലം കാരമുക്ക് പ്രദേശങ്ങൾ കണ്ടയിൻമെന്റ് സോണിലാണ്.