കനത്ത മഴ: തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
വെടിക്കെട്ട് ഞായറാഴ്ച വൈകീട്ട് ഏഴു മണിക്ക് നടത്താനാണ് നിലവിലെ തീരുമാനം.
തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്നും ഉണ്ടാകില്ല. കനത്ത മഴയെ തുടര്‍ന്നാണ് വെടിക്കെട്ട് മാറ്റിയത്. വെടിക്കെട്ട് ഞായറാഴ്ച വൈകീട്ട് ഏഴു മണിക്ക് നടത്താനാണ് നിലവിലെ തീരുമാനം.
മഴയെ തുടർന്ന് ഇന്നലെ മാറ്റിവെച്ച വെടിക്കെട്ട് ഇന്നു രാത്രി ഏഴ് മണിക്ക് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇന്നും കനത്ത മഴ പെയ്തോടെയാണ് വെടിക്കെട്ട് വീണ്ടും മാറ്റേണ്ടിവന്നത്.
തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. പാറമേക്കാവ് ഭഗവതിയുടെയും തിരുവമ്പാടി ഭഗവതിയുടെയും പകൽപൂര എഴുന്നള്ളിപ്പ് ശ്രീമൂല സ്ഥാനത്ത് എത്തുന്നതിന് മുമ്പേ വടക്കുനാഥ ക്ഷേത്രം ജനങ്ങളാല്‍ തിങ്ങിനിറഞ്ഞിരുന്നു. പെരുവനം കുട്ടൻ മാരാർ പാറമേക്കാവിലും കിഴക്കൂട്ട് അനിയൻ മാരാർ തിരുവമ്പാടിയിലും തീർത്ത മേളപെരുക്കത്തിന്‍റെ അകമ്പടിയോടെയായിരുന്നു ഉപചാരം ചൊല്ലി പിരിയൽ ചടങ്ങ്.
അടുത്ത വർഷം ഏപ്രിൽ 29നാണ് പൂര വിളംബരം. ഏപ്രില്‍ 30നാണ് പൂരം.