കുറുക്കന്‍മൂലയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി
ജനവാസമേഖലയിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്
നാട്ടുകാരെ വീണ്ടും ആശങ്കയിലാഴ്ത്തി വയനാട് കുറുക്കന്‍മൂലയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ജനവാസമേഖലയിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. തെരച്ചിലിനായി വനപാലകര്‍ കാട്ടിലേക്ക് കടന്നിട്ടുണ്ട്. കാല്‍പ്പാടുകള്‍ക്ക് അധികം പഴക്കമില്ലെന്നും പകല്‍ സമയത്താണ് കടുവയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ പ്രദേശത്തുള്ളവര്‍ ജോലിക്ക് പോയിട്ടില്ല.
പയ്യമ്പള്ളി, കൊയ്‍ലേരി മേഖലകളിൽ കടുവയുണ്ടാകാമെന്നാണ് സംശയം. ഈ പ്രദേശങ്ങളിൽ വനപാലക സംഘവും പൊലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. കുറുക്കന്‍മൂലയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കാനുള്ള നടപടികളും ഇന്നുണ്ടാകും.
ഇന്നലെ പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തെരച്ചില്‍ ഫലപ്രദമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കയ്യാങ്കളിക്കിടെ വനം ഉദ്യോഗസ്ഥന്‍ അരയില്‍ നിന്നും കത്തി പുറത്തെടുക്കാന്‍ ശ്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കടുവയെ കണ്ടതായി വിദ്യാർഥിനി അറിയിച്ച പയ്യമ്പള്ളി പുതിയിടത്ത് തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ സംഘടിച്ചെത്തിയത്. വനപാലകരുമായുള്ള സംസാരം വാക്ക് തർക്കത്തിലേക്ക് കടന്നു. തർക്കം രൂക്ഷമായതോടെ കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.