കനത്ത മഴ; തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജില്ലകളിൽ അതി തീവ്ര മഴക്ക് മുന്നറിയിപ്പ് നൽകിയിരുന്നു

Update: 2022-08-01 10:32 GMT
Advertising

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ അതി തീവ്ര മഴക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെയും ഇതേ ജില്ലകളിൽ റെഡ് അലർട്ട് ആണ്.

ബുധനാഴ്ച 11 ജില്ലകളിലും റെഡ് അലർട്ട് ഉണ്ട്. ഇന്ന് തൃശൂർ , മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. മഴ ശക്തമായ സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു.

ഇന്നലെ വൈകുന്നേരം മുതൽ തിരുവനന്തപുരം കൊല്ലം പത്തനതിട്ട ജില്ലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. തലസ്ഥാനത്ത് നഗരപ്രദേശത്ത് മഴയുടെ ശക്തി കുറവാണെങ്കിലും മലയോര - തീരദേശ മേഖലകളിൽ തകൃതിയായി പെയ്യുകയാണ്. നെയ്യാറിൽ ജലനിരപ്പ് ഉയർന്നതോടെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. കല്ലാർ - പൊൻമുടി റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.

നെയ്യാറ്റിൻകര വെള്ളറടയിൽ കാറിന് മുകളിൽ മണ്ണിടിഞ്ഞ് വീണു.താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. തീരദേശ മേഖലകളിലും മഴ ശക്തമാണ്. പൂവാർ പൊഴിയൂർ തെക്കേകൊല്ലംകോട് തുടങ്ങിയ പ്രദേശങ്ങളിലെ പലയിടങ്ങളിലും തീരം കടലെടുത്തു.

പത്തനംതിട്ട അത്തിക്കയത്ത് ഒഴുക്കിൽ പെട്ട റെജിക്കായി തെരച്ചിൽ തുടരുകയാണ്. റാന്നി നാറാണംതോട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. കൊല്ലം തെൻമല -ശെന്തുരുണി ടൂറിസം കേന്ദ്രത്തിൽ വനത്തിലൂടിയുള്ള ട്രക്കിംഗ് നിർത്തിവെച്ചു. അപകട സാധ്യതാ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമന്ന് റവന്യൂ മന്ത്രി പറഞ്ഞു

അപകട സാധ്യത പരിഗണിച്ച് തെക്കൻ ജില്ലകളിലെ വിവിധ ഇടങ്ങളിലും റവന്യൂ മന്ത്രിയുടെ ഓഫീസിലും കൺട്രോൾ റൂമുകൾ തുറന്നു. നാളെ വൈകിട്ടോടെ തെക്കൻ കേരളത്തിൽ മഴക്ക് ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News