കുഴികുത്താനെത്തിയ തൊഴിലുറപ്പുകാര്‍ കണ്ടെത്തിയത് വന്‍ നിധിശേഖരം; അമ്പരന്ന് വീട്ടുകാര്‍

പുരാതന മുദ്രകളോട് കൂടിയ സ്വര്‍ണ്ണതകിടുകള്‍, വളയങ്ങള്‍, മറ്റ് ഉരുപ്പടികള്‍ എന്നിവയാണ് കണ്ടെത്തിയത്. 10 പവനോളം തൂക്കം വരുമെന്നാണ് കണക്കാക്കുന്നത്...

Update: 2022-02-07 01:06 GMT
Advertising

വീട്ടുപറമ്പിൽ മഴക്കുഴി എടുക്കുന്നതിനിടെ നിധി കണ്ടെത്തിയതിന്‍റെ അത്ഭുതത്തിലാണ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുഷ്പരാജും കുടുംബവും. പലരൂപത്തിലുളള സ്വര്‍ണ്ണഉരുപ്പടികള്‍ അടങ്ങുന്ന ചെപ്പാണ് മണ്ണിനടിയിൽ നിന്ന് ലഭിച്ചത്.

ചട്ടിപ്പറമ്പ് മണ്ണഴി തേക്കേമുറി പുഷ്പരാജിന്‍റെ വീട്ടുപറമ്പിലാണ് നിധി കണ്ടെത്തിയത്. പറമ്പിൽ മഴക്കുഴി കുത്താനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് കഥകളിൽ മാത്രം കേട്ടു ശീലിച്ച മണ്ണിനടിയിലെ നിധി കുംഭം കണ്ടെത്തിയത്. ഒന്നരയടി താഴ്ചയില്‍ മൺകലത്തിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണ്ണ ഉരുപ്പടികള്‍. വാര്‍ഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലാളികള്‍ തെങ്ങിന് കുഴിയെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറുന്നത്. പ്രദേശത്തെ തെക്കേമുറി കാര്‍ത്ത്യായനിയുടെ പുരയിടത്തിലാണ് നിധി കണ്ടെത്തിയത്.

പുരാതന മുദ്രകളോട് കൂടിയ സ്വര്‍ണ്ണതകിടുകള്‍, വളയങ്ങള്‍, മറ്റ് ഉരുപ്പടികള്‍ എന്നിവയാണ് കണ്ടെത്തിയത്. 10 പവനോളം തൂക്കം വരുമെന്നാണ് കണക്കാക്കുന്നത്. തലമുറകളായി കൈമാറ്റം ചെയ്ത് കിട്ടിയ പുരയിടത്തിലെ മണ്ണിനടിയിലെ അത്ഭുതം ഇപ്പോഴും വീട്ടുകാർക്ക് വിശ്വസിക്കാനായിട്ടില്ല.

വിവരമറിഞ് കോട്ടക്കൽ പൊലീസും, പഞ്ചായത്ത്-വില്ലേജ് അധികൃതരും സ്ഥലത്തെത്തി സ്വർണം ഏറ്റുവാങ്ങി. നിധി മലപ്പുറം ട്രഷറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവ പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പുരാവസ്തുവകുപ്പ് അറിയിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News