പുനലൂർ ആശുപത്രിയിലെ ചികിത്സാ വീഴ്ച; രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു
ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത 11 പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിലാണ് നടപടി.
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാ വീഴ്ചയിൽ രണ്ടു ജീവനക്കാര്‍ക്കെതിരെ നടപടി. നഴ്സിംഗ് ഓഫീസറേയും അറ്റൻഡറേയുമാണ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത 11 പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിലാണ് നടപടി. ഇൻജക്ഷന് മുമ്പ് പുരട്ടിയ സലൈൻ ലായനി വിശദമായി പരിശോധിക്കും. ലായനിയുടെ കഴിഞ്ഞ ദിവസം എത്തിച്ച പുതിയ ബാച്ചിന്റെ ഉപയോഗം അടിയന്തരമായി നിർത്തി വെച്ചു.
പേവാർഡിൽ കഴിയുന്ന രോഗികൾക്ക് ഒമ്പത് മണിയോടെ കുത്തിവെപ്പെടുത്തിരുന്നു. പിന്നീട് ഒരു മണിക്കൂറിന് ശേഷം വിറയലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. കുത്തിവെയ്പ്പ് എടുത്തതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് രോഗികളുടെ ബന്ധുക്കൾ ആരോപിച്ചു. മരുന്ന് മാറി കുത്തിവെച്ചാണ് അസ്വസ്ഥതയുണ്ടായതെന്ന് ആരോപണമുണ്ടായിരുന്നെങ്കിലും സാധാരണ കുത്തിവയ്പിനെടുക്കുന്ന മരുന്നിന്റെ പുതിയ ബാച്ച് തന്നെയാണ് ഉപയോഗിച്ചതെന്ന് അധികൃതർ പറഞ്ഞു. ദേഹാസ്വാസ്ഥ്യം ഉണ്ടായവരിൽ എട്ടു പേരെ പുനലൂർ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിലും മൂന്നു കുട്ടികൾ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.